ADVERTISEMENT

കാസർകോട് ∙ ‍‍ജില്ലാ സ്പോർട്സ് അക്കാദമിക്കു മുതൽക്കൂട്ടായി 2 ഇൻഡോർ കോർട്ടുകൾ ഒരുങ്ങുന്നു. വോളിബോളിനും കബഡിക്കുമാണ് വിദ്യാനഗർ ഉദയഗിരിയിലെ അക്കാദമി ഹോസ്റ്റലിനു സമീപം കോർട്ടുകൾ നിർമിക്കുന്നത്. കാസർകോട് വികസന പാക്കേജിൽ 3.96 കോടി രൂപയാണ് ഇതിനു അനുവദിച്ചിരിക്കുന്നത്. കോർട്ടുകൾക്കു പുറമേ ഓഫിസ് കെട്ടിടം, സ്റ്റേജ് എന്നിവ കൂടി ഇതിലുൾപ്പെടും. ഹോസ്റ്റൽ നിലവിൽ വന്ന് 2 പതിറ്റാണ്ടിനു ശേഷമാണ് ഇൻഡോർ കോർട്ടുകൾ ഒരുങ്ങുന്നത്. 2024 ഏപ്രിലിനു മുൻപായി നിർമാണങ്ങൾ പൂർത്തിയാക്കും. 

ചെരിഞ്ഞ പ്രദേശമായതിനാൽ 3 തട്ടുകളാക്കി തിരിച്ച് അതിലാണ് കോർട്ടുകളും സ്റ്റേജും നിർമിക്കുന്നത്. വോളിബോൾ പരിശീലനത്തിനായി നിലവിൽ 2 മൺ കോർട്ടുകളും കബഡിക്കായി ഒരു കോർട്ടും ഉണ്ട്.‌ മഴക്കാലങ്ങളിൽ ഇതിൽ വെള്ളം കെട്ടിക്കിടന്ന് പരിശീലനം തടസ്സപ്പെടുന്ന സാഹചര്യമായിരുന്നു പലപ്പോഴും. ഇതു കണക്കിലെടുത്താണ് ഇൻഡോർ സ്റ്റേഡ‍ിയം നിർമിക്കാനുള്ള തീരുമാനം. സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ നിർമിക്കുന്ന ആദ്യത്തെ ഇൻഡോർ സ്റ്റേഡിയം കൂടിയാണിത്.

വോളിബോളിന് കുട്ടികളില്ല

വോളിബോളിന്റെ പേരിൽ അറിയപ്പെട്ടിരുന്ന വിദ്യാനഗർ ഉദയഗിരി സ്പോർട്സ് അക്കാദമി ഹോസ്റ്റലിൽ ഇപ്പോൾ വോളിബോൾ പേരിനു മാത്രം. ഓരോ വർഷവും കുട്ടികൾ കുറയുമ്പോഴും അതു പരിഹരിക്കാനുള്ള ഒരു നടപടിയും സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല.6 കുട്ടികൾ മാത്രമാണ് ഇത്തവണ വോളിബോൾ പരിശീലനത്തിനുള്ളത്. 2 ടീമായി കളിക്കാനുള്ള കുട്ടികളില്ലാത്തതിനാൽ വെറും പന്തുതട്ടലിൽ മാത്രം ഒതുങ്ങുന്നു പരിശീലനം. 60 കുട്ടികളെ താമസിപ്പിച്ചു പരിശീലനം നൽകാനുള്ള സൗകര്യമാണ് ഈ ഹോസ്റ്റലിൽ ഉള്ളത്. 

വോളിബോളിനു പുറമേ കബഡി, അത്‌ലറ്റിക്സ് എന്നിവയ്ക്കും പരിശീലനം നൽകുന്നുണ്ട്. നിലവിൽ 42 കുട്ടികളാണ് ഇവിടെയുള്ളത്. ഇതിൽ വോളിബോളിന്റെ 6ഉം അത്‌ലറ്റിക്സിന്റെ 3ഉം കുട്ടികളൊഴികെ ബാക്കി എല്ലാവരും കബഡിക്കാണ്. ഹൈസ്കൂൾ തലം മുതൽ ഡിഗ്രി വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ജില്ലയിലെ വിവിധ ക്ലബുകളുടെയും വോളിബോൾ അസോസിയേഷന്റെയും നേതൃത്വത്തിൽ കുട്ടികളെ കണ്ടെത്തി അഡ്മിഷൻ നൽകാൻ സ്പോർട്സ് കൗൺസിൽ മുൻകൈ എടുക്കണമെന്ന ആവശ്യം വോളിബോൾ പ്രേമികളിൽ ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com