ADVERTISEMENT

ചിറ്റാരിക്കാൽ ∙ ഈസ്റ്റ് എളേരി പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ 30 കോടി രൂപ ചെലവിൽ ജലജീവൻ മിഷന്റെ പുതിയ പദ്ധതിയൊരുങ്ങുന്നു. 2012ൽ ആരംഭിച്ച 12.3 കോടി രൂപയുടെ ജലനിധി പദ്ധതി വിവിധ കാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെയാണ് ജലജീവൻ മിഷൻ പദ്ധതിയിലൂടെ പഞ്ചായത്തിൽ ശുദ്ധജലമെത്തിക്കാൻ ലക്ഷ്യമിടുന്നു. ജലനിധി പദ്ധതി പ്രത്യേക ഡിപ്പാർട്ട്മെന്റായിരുന്നു നടത്തി വന്നിരുന്നത്. പഞ്ചായത്ത് ഇതിലേക്ക് അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ഒരുക്കി നൽകിയത്. കരാറുകാരുടെ വീഴ്ചയും ഉദ്യോഗസ്ഥരുടെ അലംഭാവവുമായിരുന്നു ജലനിധി പൂർത്തിയാക്കാൻ കഴിയാതെ വന്നതെന്നാണ് പഞ്ചായത്ത് അധികൃതർ ആരോപിക്കുന്നത്. പദ്ധതിയിലെ 1 മുതൽ 3 വരെ പാക്കേജുകളിൽ ജലനിധി 49 ലക്ഷം രൂപ കരാറുകാരന് അധികം നൽകിയിട്ടു പോലും പ്രവൃത്തി പൂർത്തിയാക്കാനായില്ല. 4, 5 പാക്കേജുകളിൽ ഉൾപ്പെട്ട കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും 1.3 കോടി രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടിലേക്ക് വകമാറ്റുകയും ചെയ്തു.

അതേസമയം 3300 കുടിവെള്ള കണക്‌ഷനുകളുണ്ടായിരുന്ന ഈ പദ്ധതിയിൽ 700 പേർക്ക് കഴിഞ്ഞ കോവിഡ് കാലം മുതൽ ശുദ്ധജലം നൽകിത്തുടങ്ങി. പദ്ധതിക്കായി 8.45 കോടിയാണ് ഇതുവരെ ജലനിധി ചെലവഴിച്ചത്. ഇതിനായുള്ള ലോക ബാങ്ക് സഹായം നിർത്തിയതോടെയാണ് ജലനിധി ഈ പദ്ധതിയിൽ നിന്നും പിൻമാറിയത്. ഇതോടെ പഞ്ചായത്തിലെ കുടിവെള്ള പദ്ധതി പൂർത്തിയാക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് ജലജീവൻ മിഷനുമായി ചേർന്ന് കുടിവെള്ള വിതരണം പുനരാരംഭിക്കാൻ പഞ്ചായത്ത് തുടർ നടപടികൾ സ്വീകരിച്ചത്.

പുതിയ പ്രതീക്ഷയായി ജലജീവൻ

പുതിയ പദ്ധതിക്കായി 30.50 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ ജലജീവൻ മിഷൻ 24 കോടിയും ജല അതോറിറ്റി 3 കോടിയും പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കാൻ കിഫ്ബി 3.5 കോടിയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രവൃത്തിയുടെ ടെൻഡർ നടപടികൾ നേരത്തേ പൂർത്തിയാക്കി. നേരത്തേയുള്ള 2600 കണക്‌ഷനുകളിൽ അറ്റകുറ്റപ്പണി നടത്തി 2 മാസത്തിനുള്ളിൽ ശുദ്ധജലമെത്തിക്കാനാണു നീക്കം നടക്കുന്നത്. ജല അതോറിറ്റിയുടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഏറ്റെടുക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. നേരത്തേ സ്ഥാപിച്ച റോഡരികിലെ പൈപ്പ് ലൈനുകളിൽ പലതും മാറ്റി സ്ഥാപിക്കും. പാലാവയൽ വില്ലേജിൽ മിനി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും പഞ്ചായത്തിലെ വിവിധ മേഖലകളിലായി 10 പുതിയ ജലസംഭരണികളും സ്ഥാപിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com