ചെർക്കള ∙ ചെർക്കള–കല്ലടുക്ക പാതയിൽ ചെർക്കള–ഉക്കിനടുക്ക റീച്ച് നവീകരണം പാതിവഴിയിൽ നിൽക്കെ കരാറുകാരൻ പിന്മാറി. കരാർ ഏറ്റെടുത്ത സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ നിർമാണ സാമഗ്രികളുടെ വില കൂടിയതും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് കരാറുകാരൻ കേരള റോഡ് ഫണ്ട് ബോർഡിന്(കെആർഎഫ്ബി) കത്ത് നൽകിയിരിക്കുന്നത്.ഇക്കാര്യത്തിൽ കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ വിശദമായ കത്തും പ്രോജക്ട് ഡയറക്ടർക്കു നൽകി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഡയറക്ടറാണ്. പക്ഷേ, കരാറുകാരന് നീട്ടിക്കൊടുത്ത സമയം കഴിഞ്ഞ ഡിസംബർ 31ന് അവസാനിച്ചതിനാൽ നിർബന്ധിക്കാനും കഴിയാത്ത സ്ഥിതിയിലാണ് അധികൃതർ.
ഇതോടെ റോഡ് നവീകരണം പൂർത്തിയാക്കാൻ വീണ്ടും ടെൻഡർ നടത്തേണ്ട സാഹചര്യമാണ്. ഇതോടൊപ്പം നവീകരണം ആരംഭിച്ച ഇതേ റോഡിലെ ഉക്കിനടുക്ക–കല്ലടുക്ക റീച്ചിന്റെ പണി പൂർത്തിയായപ്പോഴാണ് ഈ റീച്ചിനു ദുർഗതി. വീതി വർധിപ്പിക്കുകയും ആദ്യഘട്ട ടാറിങ് നടത്തുകയും ചെയ്ത റോഡിൽ അവസാനവട്ട ടാറിങ്ങാണ് ഇനി ബാക്കിയുള്ളത്.കാസർകോട് ഗവ.മെഡിക്കൽ കോളജിലേക്ക് ഉൾപ്പെടെ പോകുന്ന റോഡിന്റെ ചെർക്കള മുതൽ ഉക്കിനടുക്ക വരെയുള്ള നവീകരണത്തിനു 39.26 കോടി രൂപയാണ് കിഫ്ബിയിൽ അനുവദിച്ചത്. അടങ്കൽ തുകയേക്കാൾ കുറച്ച് 35.68 കോടി രൂപയ്ക്കു ചെർക്കളയിലെ കുദ്രോളി കൺസ്ട്രക്ഷൻസ് പണി ഏറ്റെടുക്കുകയും ചെയ്തു.
2018 ഒക്ടോബർ 10 നു കരാർ ഒപ്പുവച്ച് ഒരാഴ്ചയ്ക്കു ശേഷം പണി തുടങ്ങുകയും ചെയ്തു. ഒരു വർഷമായിരുന്നു കരാർ കാലാവധി. 17.9 കിമീ റോഡ് 7 മീറ്റർ വീതിയിൽ ബിഎംബിസി ചെയ്തു നവീകരിക്കാനായിരുന്നു കരാർ.എന്നാൽ പണി തുടങ്ങി 7 മാസം കഴിഞ്ഞപ്പോൾ റോഡിന്റെ വീതി 9 മീറ്ററാക്കി വർധിപ്പിക്കാൻ കിഫ്ബി നിർദേശം നൽകി. ഇതിനുള്ള രൂപരേഖയും എസ്റ്റിമേറ്റ് പുതുക്കാനുള്ള നടപടികൾ വൈകിയപ്പോൾ പണിയും ഇടയ്ക്കു വച്ച് നിർത്തി.
ഇടയ്ക്കിടെ തുടങ്ങുകയും നിർത്തുകയും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. യാത്ര ദുരിതത്തിലായതോടെ ജനങ്ങളും സമരവുമായി രംഗത്തെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ഏറെ ചർച്ചയായി. ഒരു വർഷത്തിനു ശേഷമാണ് എസ്റ്റിമേറ്റ് പുതുക്കി തീരുമാനം ആയത്.തുകയിൽ മാറ്റം വരുത്താതെ ആദ്യത്തെ എസ്റ്റിമേറ്റിലെ കലുങ്ക് നിർമാണം, പാർശ്വഭിത്തി, ഓവുചാൽ തുടങ്ങിയവ ഒഴിവാക്കിയാണ് രൂപരേഖയിൽ മാറ്റം വരുത്തിയത്.
കരാറുകാരന് ഇതുവരെ 27.87 കോടി രൂപ നൽകി. കുടിശിക തീർത്താണ് നൽകിയത്. അവസാന വട്ട ടാറിങ്ങാണ് ഇനി ബാക്കിയുള്ളത്. കൃത്യമായി ചെയിതിരുന്നെങ്കിൽ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമായിരുന്ന പണിക്ക് ഇനിയും എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന ചോദ്യമാണ് യാത്രക്കാരുടേത്.
കയ്യേറ്റം ഒഴിപ്പിക്കാതെയും ഒത്തുകളി?
ചെർക്കള മുതൽ എടനീർ വരെയുള്ള ഒന്നര കി.മീ ദൂരത്തിൽ റോഡ് പുറമ്പോക്ക് വ്യാപകമായി കയ്യേറിയെന്ന പരാതിയും നിലനിൽക്കുന്നു. റോഡ് നവീകരണം തുടങ്ങുന്ന സമയത്തു, പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് മരാമത്ത് അസി.എൻജിനീയർ വില്ലേജ് ഓഫിസർക്കു കത്ത് നൽകിയിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായില്ല.
റോഡിന്റെ വീതി 9 മീറ്ററായി വർധിപ്പിച്ചതിനെ തുടർന്നു ആദ്യ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുമ്പോൾ ഈ ഭാഗത്തെ പണി അധികൃതർ സൗകര്യപൂർവം ഒഴിവാക്കുകയും ചെയ്തു!. ഇതു കയ്യേറ്റക്കാരെ സഹായിക്കാനാണെന്ന ആക്ഷേപവും ഉണ്ട്. ചെർക്കളയിൽ നിന്ന് ആദ്യത്തെ 1.3 കിലോ മീറ്റർ ഒഴിവാക്കിയാണ് ഇപ്പോൾ നവീകരിച്ചിരിക്കുന്നത്. ഈ ഭാഗത്ത് 7 മീറ്ററേ നിലവിൽ വീതിയുള്ളൂ.