നീലേശ്വരം ∙ ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റ് വാഹനമിടിച്ച് തകർന്നു. വ്യാഴാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തെ തുടർന്ന് ഇതുവഴി ഏറെ നേരം ഗതാഗതം സ്തംഭിച്ചു. മംഗളൂരുവിൽ നിന്നു വരികയായിരുന്ന മീൻലോറിയാണ് ഗേറ്റ് ഇടിച്ചു തകർത്തത്. ട്രെയിൻ കടന്നുപോകാനായി അടച്ചിട്ട ഗേറ്റാണു ലോറിയിടിച്ചു തകർത്തത്. നാട്ടുകാരും പൊലീസും ഇറങ്ങി ഗതാഗതക്കുരുക്ക് നിയന്ത്രിച്ചു. ഗതാഗതം സമാന്തര പാതകളിലൂടെ തിരിച്ചു വിട്ടു.
രാത്രി വൈകി റെയിൽവേ പെർമനന്റ് വേ വിഭാഗം ടെക്നിഷ്യൻമാർ എത്തി ഗേറ്റ് നന്നാക്കി. മേൽപ്പാലം നിർമാണം നടന്നു വരുന്നതിനിടെ ഒട്ടേറെ തവണ ഇവിടെ ഇതേരീതിയിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇതേ തുടർന്നു കുരുക്കിൽ പെടാറുള്ളത്. മേൽപ്പാലം പണി മഴയ്ക്കു മുൻപ് പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ്.