ADVERTISEMENT

പെരിയ ∙ വികസനത്തിനു വഴിമുടക്കികളല്ല പെരിയയിലെ നാട്ടുകാർ. എയർസ്ട്രിപ് പദ്ധതിക്കായി വീടും സ്ഥലവും വിട്ടു നൽകാൻ തയാറായി പ്രദേശവാസികൾ, പക്ഷേ അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നു മാത്രം. പെരിയ – ഒടയംചാൽ റോഡിനോടു ചേർന്നുള്ള കൈക്കോട്ടുകുണ്ടിലെ എയർസ്ട്രിപ് പദ്ധതി പ്രദേശത്ത് 16 വീടുകളാണുള്ളത്. ഇതിൽ 12 വീടുകളിലാണു താമസക്കാരുള്ളത്. ആരും പദ്ധതിക്കെതിരല്ല. പക്ഷേ ന്യായമായ പുനരധിവാസ പാക്കേജാണ് ഇവരുടെ ആവശ്യം.

വർഷങ്ങളായി ഇവിടെ താമസിക്കുന്നവർ പലരും പറയുന്നതു നാടിനോടുള്ള വൈകാരികമായ അടുപ്പം, തൊഴിൽ, ബന്ധുക്കൾ തുടങ്ങിയ കാര്യങ്ങളാണു പ്രധാന പ്രശ്നമെന്നാണ്. സമീപപ്രദേശത്തു തന്നെ താമസ സൗകര്യം ലഭിക്കുന്ന രീതിയിലാകണം പാക്കേജ് ലഭിക്കേണ്ടതെന്നാണ് ഇവരുടെ ആവശ്യം. സാധാരണ പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുമ്പോൾ പകരം സ്ഥലം നൽകുന്നതു സമീപ പ്രദേശത്താകണമെന്നു നിർബന്ധമില്ല. 

കൈക്കോട്ടുകുണ്ട്– അരങ്ങനടുക്കം റോഡ് നിർദിഷ്ട പെരിയ എയർസ്ട്രിപ് പദ്ധതിയിൽ ഉൾപ്പെടാത്ത ഭാഗം കോൺക്രീറ്റ് ചെയ്ത നിലയിൽ. ചിത്രം: മനോരമ

ഇക്കാര്യത്തിലാണ് വീടു നഷ്ടപ്പെടുന്നവരുടെ ആശങ്ക.30 മീറ്റർ വീതിയും 1200 മീറ്റർ നീളവുമുള്ള റൺവേയാണ് ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തത്. ആഭ്യന്തര യാത്രക്കാരെ മാത്രം കൈകാര്യം ചെയ്യുന്നതിനാൽ എമിഗ്രേഷനും മറ്റും കെട്ടിടങ്ങളും വേണ്ട. ഇവിടെ സർക്കാരിന്റെ കൈവശമുള്ള 28 ഏക്കർ സ്ഥലം വിട്ടു നൽകുകയും ബാക്കി ആവശ്യമായ 52 ഏക്കർ ഏറ്റെടുക്കുന്നതിന് പ്രഭാകരൻ കമ്മിഷൻ പാക്കേജിൽപ്പെടുത്തി 20 കോടി രൂപ അനുവദിക്കുകയും ചെയ്താൽ പദ്ധതി സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ യാഥാർഥ്യമാക്കാനും ശ്രമം നടന്നിരുന്നു. 

സാങ്കേതിക തടസങ്ങൾ നീക്കി അന്ന് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിൽ പദ്ധതി ഇപ്പോൾ യാഥാർഥ്യമാകുമായിരുന്നു. ആ സമയത്തെ ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ചെയർമാനായി സർക്കാർ പഠനത്തിനായി സമിതിയെ നിയോഗിക്കുകയും തിരുവനന്തപുരം ആസ്ഥാനമായ തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ ക്യാപ്റ്റൻ കെ.എൻ.ജി.നായരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് അനുകൂല റിപ്പോർട്ട് നൽകുകയും ചെയ്തതാണ്. പിന്നീട് നടപടികൾ മെല്ലെയായി. പദ്ധതി രൂപരേഖ സംബന്ധിച്ച അവസാന ആലോചനകൾ നടക്കുകയാണെന്നാണ് അധികൃതർ നൽകുന്ന സൂചന.

റോഡും പ്രശ്നം

എയർസ്ട്രിപ്പിനായി കണ്ടെത്തിയ സ്ഥലത്തിനു കുറുകെ കടന്നു പോകുന്ന പഞ്ചായത്ത് റോഡ് കോൺക്രീറ്റിങ് നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. പ്രധാന റോഡിനോടു ചേർന്ന 100 – 150 മീറ്ററോളം ദൂരം മാത്രം തകർന്ന നിലയിലാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ അടിഭാഗം തട്ടുന്ന പ്രശ്നങ്ങളുണ്ട്. കുറച്ചു മാറിയാൽ കോൺക്രീറ്റ് റോഡുണ്ട്. കൈക്കോട്ടുകുണ്ട്– അരങ്ങനടുക്കം റോഡ് ഉടൻ ടാറിങ് നടത്തുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.  

‘വർഷങ്ങളായി പറഞ്ഞു കേൾക്കുന്ന പെരിയ എയർസ്ട്രിപ് പദ്ധതിക്ക് ഈ വർഷമെങ്കിലും തുടക്കം കുറിക്കണമെന്ന ആഗ്രഹമാണു സർക്കാരിനുള്ളത്. നിയമസഭാ സമ്മേളനത്തിനോടനുബന്ധിച്ച് മന്ത്രിതലത്തിൽ യോഗം ചേരുന്നതോടെ തുടർനടപടികൾ വേഗത്തിലാകുമെന്നാണു പ്രതീക്ഷ.’ - സി.എച്ച്.കുഞ്ഞമ്പു എംഎൽഎ

ഇത് ഞങ്ങളുടെ സ്വപ്ന പദ്ധതി

‘പെരിയ എയർസ്ട്രിപ്പ് ഞങ്ങളുടെ സ്വപ്ന പദ്ധതിയായിരുന്നു. 2011ൽ പ്രഖ്യാപിച്ച പദ്ധതി സിയാലിന്റെ റിപ്പോർട്ടിനെത്തുടർന്ന് ഉപേക്ഷിച്ചതാണ്. 2017ൽ ഞാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേയാണ് വീണ്ടും പദ്ധതിയെക്കുറിച്ചാലോചിക്കുന്നത്. അതിനു വ്യക്തമായ കാരണമുണ്ടായിരുന്നു. ദിനംപ്രതി 25ലേറെ സ്വകാര്യ ബസ് സർവീസുകളാണ് ജില്ലയിൽ നിന്ന് എറണാകുളം, കോട്ടയം, ഇടുക്കി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്നത്. ചെറുവിമാനത്താവളം വന്നാൽ യാത്രക്കാർക്കു കുറഞ്ഞ ചെലവിലും സമയനഷ്ടമില്ലാതെയും ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുമെന്ന ചിന്തയാണ് പദ്ധതിക്കായി മുന്നിട്ടിറങ്ങാൻ കാരണം. അന്നു 90 കോടി രൂപ ചെലവു പ്രതീക്ഷിച്ച എയർസ്ട്രിപ്പിനു മുതൽ മുടക്കാൻ ബേക്കലിലെ പഞ്ചനക്ഷത്ര ഹോട്ടലുടമകളുൾപ്പെടെ തയാറായി മുന്നോട്ടു വന്നിരുന്നു. 19 മുതൽ 72 സീറ്റുകൾ വരെയുള്ള ചെറുവിമാന സർവീസുകൾ നടത്തുന്നതു വഴി ജില്ലയ്ക്ക് പ്രതിവർഷം 200 കോടി രൂപയുടെ അധിക വരുമാനവും പ്രതീക്ഷിച്ചിരുന്നു.’-  എ.ജി.സി.ബഷീർ, മുൻ പ്രസിഡന്റ്, കാസർകോട് ജില്ലാ പഞ്ചായത്ത് 

സ്ഥലം വിട്ടു കിട്ടിയാൽ രണ്ടു വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കാം

‘എയർസ്ട്രിപ്പിനു യോജിച്ച സ്ഥലം തന്നെയാണ് പെരിയയിലേത്. കുളു–മണാലി പ്രദേശങ്ങളിലുള്ളതു പോലെ 12 മുതൽ 48 സീറ്റുകൾ വരെയുള്ള ചെറുവിമാനങ്ങൾക്കിറങ്ങാവുന്ന എയർസ്ട്രിപ്് പ്രോജക്ടാണിത്. അധികം കുടുംബങ്ങളെ പദ്ധതിക്കായി കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്നതും അനുകൂല ഘടകമാണ്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ സർക്കാർ വേഗത്തിൽ പൂർത്തിയാക്കിയാൽ രണ്ടു വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കാൻ കഴിയും.’ - മേജർ ജനറൽ എസ്.രാധാകൃഷ്ണൻ, കിഫ്ബി സാങ്കേതിക വിദഗ്ധൻ (എയർസ്ട്രിപ് പദ്ധതി കൺസൽട്ടന്റ്)

‘എയർസ്ട്രിപ് വരുമെന്ന പ്രതീക്ഷയിൽ കൈക്കോട്ടുകുണ്ട്– അരങ്ങനടുക്കം റോഡ് പൂർണമായി ടാർ ചെയ്യാതെ വർഷങ്ങളായി. ഇനി 400 മീറ്ററോളം ഭാഗമാണ് ടാർ ചെയ്യാനുള്ളത്. പഞ്ചായത്ത് ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗിച്ച് റോ‍ഡ് മാർച്ചിനു മുൻപ് ടാറിങ് നടത്താനാണു തീരുമാനം.’ – ടി.അംബിക, വാർഡ് മെംബർ

‘പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള നടപടികളിലേക്കു കടക്കുകയാണ്. ഗതാഗത വകുപ്പിന്റെ നിയന്ത്രണത്തിലായതിനാൽ ഗതാഗത, ടൂറിസം വകുപ്പ് മന്ത്രിതല യോഗം ഉടൻ നടത്താനാണു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വകുപ്പു സെക്രട്ടറിമാരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം.’– പി.ഷിജിൻ, മാനേജിങ് ഡയറക്ടർ, ബേക്കൽ റിസോർട്സ് ഡവലപ്മെന്റ്  കോർപറേഷൻ

‘ജില്ലയുടെ വിദ്യാഭ്യാസ ഹബ് ആയി ഉയരുന്ന പെരിയയിൽ എയർസ്ട്രിപ് യാഥാർഥ്യമാകുന്നത് ടൂറിസം മേഖലയ്ക്കു മാത്രമല്ല, കേരള കേന്ദ്ര സർവകലാശാല പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗുണകരമാകും. പ്രദേശവാസികളുടെ ആശങ്കകൾ അകറ്റി പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണം.’– സി.കെ.അരവിന്ദൻ, പ്രസിഡന്റ്, പുല്ലൂർ പെരിയ പഞ്ചായത്ത്

‘ഇവിടെ താമസം തുടങ്ങിയിട്ട് 25 വർഷമായി. വീടും 10 സെന്റ് പുരയിടവുമാണ് ഞങ്ങൾക്കുള്ളത്. അർഹമായ നഷ്ടപരിഹാരം കിട്ടിയാൽ ഇതു വിട്ടുനൽകും. പക്ഷേ ഈ നാടു വിട്ട് പോകാൻ കഴിയില്ല. സാധാരണക്കാരുടെ പ്രയാസങ്ങൾ കൂടി കണക്കിലെടുത്ത് സർക്കാർ അനുകൂല തീരുമാനമെടുക്കണം.’– ലീല നാരായണൻ, പ്രദേശവാസി

‘പദ്ധതി പ്രഖ്യാപിച്ചിട്ട് 11 വർഷം കഴിഞ്ഞു. പ്രദേശത്തെ റോഡ് വികസനമുൾപ്പെടെ ഇതോടെ പ്രതിസന്ധിയിലായി. ഈ അനിശ്ചിതാവസ്ഥയ്ക്കു പരിഹാരമുണ്ടാകണം. സ്ഥലം വിട്ടു നൽകുന്നവർക്കു ന്യായമായ നഷ്ടപരിഹാരം ലഭിക്കണം.’–  കെ.മോഹൻകുമാർ, കൈക്കോട്ട്കുണ്ട്, കർമസമിതി കൺവീനർ

‘നാട്ടിൽ വികസനം വരുന്നതിന് ആരും എതിരല്ല, പക്ഷേ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആവശ്യങ്ങൾ അംഗീകരിക്കണം. തൊഴിൽ നഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങൾ പരിഹരിക്കണം.’– എൻ.വിക്രമൻ, വ്യാപാരി, കൈക്കോട്ട്കുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com