ഷേണി (കാസർകോട്)∙ ടാപ്പിങ് തൊഴിലാളിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എൻമകജെ ഷേണി മഞ്ഞാറയിലെ മെറിലാൻഡ് എസ്റ്റേറ്റിലെ വീട്ടിൽ താമസിക്കുന്ന കൊല്ലം മുഖത്തല കണിയാംതോട് നീതുഭവനിൽ രാധാകൃഷ്ണന്റെ മകൾ നീതുകൃഷ്ണ(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൂടെ താമസിക്കുന്ന വയനാട് പുൽപ്പള്ളിയിലെ ആന്റോ സെബാസ്റ്റ്യനെ (37)കാണാതായി. ഇന്നലെ ഉച്ചയ്ക്ക് ദുർഗന്ധം പരന്നതോടെ മാനേജർ ഷാജി മാത്യുവും ജോലിക്കാരും വീടിന്റെ ഓടിളക്കി അകത്തുകയറി നോക്കിയപ്പോഴാണ് വീട്ടിനകത്തെ ഉപയോഗിക്കാത്ത മുറിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
30ന് നീതു വീട്ടിൽ പോയതായാണ് ആന്റോ പറഞ്ഞത്. പിന്നീട് വീട് പൂട്ടിപ്പോയ ആന്റോയെ കണ്ടെത്താനായില്ല. ഇവർ 2 പേർ മാത്രമായിരുന്നു താമസം. കോട്ടയം കാഞ്ഞിരപ്പള്ളിയിലെ റിജോ ജോസാണ് തോട്ടം ഉടമ. 13 ഏക്കറോളം സ്ഥലത്തെ തോട്ടത്തിനകത്താണ് വീടുള്ളത്. ഇവിടേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയിരുന്നു. ഇതു കണ്ടാണ് ആദ്യം ആന്റോ ജോലിക്കെത്തിയത്. പിന്നീടാണ് നീതുവിനെ കൂട്ടികൊണ്ടു വന്നത്. എഎസ്പി മുഹമ്മദ് നദീമുദ്ധീൻ, സിഐ പ്രേമ സദൻ, എസ്ഐ കെപി.വിനോദ്കുമാർ എന്നിവരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.