ഒഴിവാകുന്നു, അപകടവളവുകൾ; ഇല്ലാതാകുമോ അപകടങ്ങൾ?

periya-road
ദേശീയപാതയിലെ പുല്ലൂർ പാലം വളവിൽ നിലവിലുള്ള പാതയും പുതുതായി നിർമാണം പുരോഗമിക്കുന്ന ബൈപാസും. ചിത്രം: ആറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ
SHARE

പെരിയ ∙ അപകടങ്ങൾക്കു ‘കുപ്രസിദ്ധി’ നേടിയ വളവുകളാണ് പുല്ലൂർ പാലം–വിഷ്ണുമംഗലം, ചാലിങ്കാൽ കേളോത്ത് എന്നിവ. ചെറുകിട വാഹനങ്ങളുടെ മാത്രമല്ല, ടാങ്കറുകളുടെയും ട്രക്കുകളുടെയും ഡ്രൈവർമാരുടെ െനഞ്ചിടിപ്പേറ്റുന്ന വളവുകളാണ് രണ്ടും. ഇവിടെ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ എണ്ണത്തിനു കണക്കില്ല.

periye-road
ദേശീയപാതയിലെ ചാലിങ്കാൽ കേളോത്തെ അപകടവളവും പുതുതായി നിർമിക്കുന്ന പാതയും.

രക്ഷാപ്രവർത്തനം നടത്തി സഹികെട്ട് പ്രദേശവാസികളും പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങിയതോടെയാണ് നിലവിലെ പാതയിൽ കേളോത്ത് വളവിൽ ഡിവൈഡർ പോലും സ്ഥാപിച്ചത്. വിഷ്ണുമംഗലം വളവ് അവസാനിക്കുന്ന പുല്ലൂർ പാലത്തിനു സമീപം ഹമ്പുകൾ വന്നതും അപകടമുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചതും ഇവിടെ അപകടം തുടർക്കഥയായതുകൊണ്ടാണ്. എന്നിട്ടും അപകടത്തിന്റെ തോത് കുറഞ്ഞില്ല.

അവസാനമുണ്ടായ അപകടവും ജീവനെടുത്തു

രണ്ടാഴ്ച മുൻപ്, പുല്ലൂർ പാലത്തിനു സമീപമുണ്ടായ അപകടത്തിലും ഒരാൾ മരിച്ചു. വളവിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ഇവിടെ ബസ് കാത്തു നിന്നിരുന്ന പുല്ലൂർ മാക്കരംകോട് സ്വദേശി ഗംഗാധരനാ(61)ണ് ജീവൻ നഷ്ടമായത്. ഇതുപോലെ രണ്ടിടങ്ങളിലുമുണ്ടായ അപകടങ്ങളിൽ ജീവൻ നഷ്ടമായവരുംസാരമായി പരുക്കുപ്പറ്റിയവരും ഒട്ടേറെ. വർഷങ്ങൾക്കു മുൻപ് നാഫ്തലിനുമായി വരികയായിരുന്ന ടാങ്കർ മറിഞ്ഞ് വാതകം ചോർന്ന് കേളോത്ത് പ്രദേശവാസികളുടെ ജീവിതം തന്നെ ഒരാഴ്ചയിലേറെ പ്രതിസന്ധിയിലായി.

വാതകം സമീപത്തെ വയലിലേക്ക് പരന്നൊഴുകിയതും ഭീതി പരത്തി. പാചകവാതക ടാങ്കർ മറിഞ്ഞതും ഇതിനടുത്തു തന്നെയായിരുന്നു. ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി ഈ രണ്ടു വളവുകളിലെയും അപകടക്കുരുക്കുകൾ ഒഴിവാകുന്നുവെന്നതിൽ ആശ്വാസം കൊള്ളുകയാണ് പ്രദേശവാസികളും.

പുല്ലൂരിൽ വരുന്നത് രണ്ടു പാലങ്ങൾ

മൂലക്കണ്ടത്തു നിന്നു തുടങ്ങി വിഷ്ണുമംഗലം വഴി പുല്ലൂർ പാലത്തിലെത്തി നിൽക്കുന്ന വളവ് ഒഴിവാക്കി പുല്ലൂർ ടൗണിൽ നിന്നാരംഭിച്ച് വിഷ്ണുമംഗലം ക്ഷേത്രം റോഡിന്റെ ആരംഭ ഭാഗത്തേക്കാണു പുതിയ ബൈപാസ് റോഡ് നിർമിക്കുന്നത്. വളവിനൊപ്പം കയറ്റവും കുറയ്ക്കുന്ന പാതയിൽ

45 മീറ്റർ വീതിയിൽ 20 മീറ്റർ നീളമുള്ള രണ്ടു പാലങ്ങളാണു നിർമിക്കുന്നത്. പാലത്തിൽ 6 വരി പാതയ്ക്കൊപ്പം ഇരുഭാഗങ്ങളിലും സർവീസ് റോഡുമുണ്ടാകും. പുല്ലൂർ തോടിനും സമീപത്തെ വയലിലുമായാണു പാലം നിർമാണം. 65 വർഷം പഴക്കമുള്ള അപകടാവസ്ഥയിലുള്ള നിലവിലെ രണ്ടു പാലങ്ങളും ഇതോടെ ചരിത്രമാകും.

കേളോത്ത് വളവിൽ കയറ്റം കുറയും

വളവ് കുറയുന്നതിനൊപ്പം കയറ്റവും കൂടി കുറച്ചാണ് ചാലിങ്കാൽ കേളോത്ത് വളവിൽ പുതിയ പാത ഒരുങ്ങുന്നത്. കുത്തനെയുള്ള ഇറക്കത്തിലുള്ള വളവുകൾ കുറയുന്നതു തന്നെ പകുതി അപകട ഭീഷണി ഒഴിവാക്കുമെന്ന് ഡ്രൈവർമാരും പ്രദേശവാസികളും പറയുന്നു. പുതിയ പാത പൂർത്തിയാകുമ്പോൾ ചാലിങ്കാൽ കേളോത്ത് ഭാഗത്ത് കയറ്റം കുറയുന്നുണ്ടെങ്കിലും വളവിൽ വലിയ കുറവില്ലാത്തതിൽ സമീപവാസികൾക്ക് ആശങ്കയുണ്ട്.

ചന്ദ്രൻ മൂലക്കണ്ടം, ഓട്ടോ ഡ്രൈവർ

മൂലക്കണ്ടം വളവിൽ ഒട്ടേറെ അപകടങ്ങൾക്കു സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ് ലോറിക്കടിയിൽപ്പെട്ട ചെറുപ്പക്കാരനെ എന്റെ ഓട്ടോയിൽ കയറ്റിയാണു ആശുപത്രിയിലെത്തിച്ചത്. പക്ഷേ രക്ഷിക്കാനായില്ല. 

വിജയൻ, പെട്ടിക്കടയുടമ, പുല്ലൂർ പാലം

പുല്ലൂർ പാലത്തിനു സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ബസ് കാത്തു നിന്ന ഗംഗാധരന് എന്റെ കൺമുൻപിൽ വച്ചാണു ജീവൻ നഷ്ടമായത്. വളവിലെത്തിയപ്പോൾ എതിരെ ലോറി വരുന്നതുകണ്ട് കാറിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണം.

വിജിത്, വ്യാപാരി, കേളോത്ത്

ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കേളോത്ത് വളവിൽ താൽക്കാലികമായി നിർമിച്ച പാതയിൽ വരെ പതിവായി വാഹനങ്ങൾ തെന്നിമറിയുന്ന സ്ഥിതിയാണ്. 

രതീഷ്, രാഗേഷ്, പ്രജീഷ്, (കേളോത്ത് വളവിൽ അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയവർ)

തുടർച്ചയായി അപകടം സംഭവിച്ചിരുന്ന കേളോത്ത് വളവിൽ ഡിവൈഡർ സ്ഥാപിച്ചതിനു ശേഷമാണ് ഒരു പരിധിവരെ അപകടം കുറഞ്ഞത്. പുതിയ പാതയുടെ നിർമാണം പൂർത്തിയാകും വരെ അപകടഭീതിയൊഴിയില്ല. വാഹനയാത്രികരും ജാഗ്രത പാലിക്കണം 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS