കാറഡുക്ക∙ ചന്ദനടുക്കം ചീരുംബാ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിൽ പങ്കെടുത്ത 75 ഓളം പേർ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു ചികിത്സ തേടി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.ഭക്ഷ്യവിഷബാധയെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.
കളിയാട്ടത്തിൽ വിതരണം ചെയ്ത ഭക്ഷണമാണോ പുറമെ വിൽപന നടത്തിയ ഐസ്ക്രീം ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണോ കാരണമെന്നു വ്യക്തമല്ല.കഴിഞ്ഞ വ്യാഴാഴ്ചയും ഇന്നലെയുമായിട്ടാണ് ഇത്രയും പേർ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. കളിയാട്ടം വ്യാഴാഴ്ച സമാപിച്ചിരുന്നു.
ഭക്ഷണ സാധനങ്ങളുടെ സാംപിൾ ആരോഗ്യവകുപ്പ് എടുത്തിരുന്നു.അതേസമയം ആരോഗ്യവകുപ്പ് നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഭക്ഷണം നൽകിയതെന്നു ക്ഷേത്രം അധികൃതർ പറഞ്ഞു. കുടിവെള്ളം അണുമുക്തമാക്കുകയും മറ്റു ശുചിത്വം ഉറപ്പാക്കുകയും ചെയ്തിരുന്നു. ആയിരങ്ങളാണ് ദിവസവും ഭക്ഷണം കഴിച്ചതെന്നും ഇവർ പറയുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് നോഡൽ ഓഫിസറും സ്ഥലത്തെത്തി.