ബദിയടുക്ക (കാസർകോട്) ∙ റബർ എസ്റ്റേറ്റിലെ വീട്ടിൽ കൊല്ലം മുഖത്തല കണിയാംതോട് നീതു ഭവനിൽ രാധാകൃഷ്ണന്റെ മകൾ നീതുകൃഷ്ണ(28)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് പൊലീസ് പിടിയിലായി. വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്‌റ്റ്യനെ (40)യാണ്‌അന്വേഷണ സംഘം തിരുവനന്തപുരത്ത് കസ്‌റ്റഡിയിലെടുത്തത്.
ആന്റോയെ കാസർകോട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.ജില്ലാ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തിരുവനന്തപുരത്തുണ്ടെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കസ്‌റ്റഡിയിലായത്. എൻമകജെ ഷേണി മഞ്ഞാറയിലെ കോട്ടയം സ്വദേശിയുടെ മെറിലാൻഡ് റബർ എസ്റ്റേറ്റിലെ വീട്ടിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ആന്റോയെ കാണാനില്ലായിരുന്നു.തലയ്ക്ക് അടിയേറ്റും കഴുത്തു മുറുക്കി ശ്വാസം മുട്ടിച്ചുമാണ് കൊല ചെയ്തതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. നീതുവും ആന്റോയും 4 വർഷം മുൻപാണ് വിവാഹിതരായതെന്ന് ബന്ധുക്കൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. 2 മാസം മുൻപാണ് ഇരുവരും റബർ ടാപ്പിങ് തൊഴിലിനായി കാസർകോടെത്തിയത്.