തൃക്കരിപ്പൂർ ∙ പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലിഷ് അധ്യാപകൻ തൃക്കരിപ്പൂർ കണ്ണങ്കൈയിലെ എം.ബാബു (43) വിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് 2 മാസമെത്തുമ്പോഴും അന്വേഷണം ഫലം കണ്ടില്ല. ഡിസംബർ 11 നു ഞായറാഴ്ച ഉച്ചയ്ക്ക് ബാബുവിനെ സ്കൂളിൽ നിന്നു കാണാതാകുകയായിരുന്നു. പരീക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് സ്കൂളിൽ എത്തിയതാണ്. ബൈക്ക് സ്കൂളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലും ഉപയോഗിച്ചിരുന്ന 2 ഫോണുകളും സ്വിച്ച് ഓഫിലുമായിരുന്നു. സ്കൂൾ അധികൃതരും പിന്നാലെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരും പൊലീസിൽ പരാതി നൽകി.
ചന്തേര പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി തുമ്പൊന്നും ലഭിക്കാത്തതിനാൽ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിശദ അന്വേഷണത്തിനായി 5 അംഗ ടീമിനെ നിയോഗിച്ചു. പല ദിക്കുകളിലായി പൊലീസ് സംഘം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ ആക്‌ഷൻ കമ്മിറ്റിയുമായി രംഗത്തു വന്നു. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും വിവിധ സംഘടനകളും ജാഗ്രതയേറിയ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചു.
അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനു കൈമാറണമെന്ന ആവശ്യവും ഇതിനിടയിലുണ്ടായി. ബാബുവിന്റെ ദുരൂഹമായ തിരോധാനം സ്കൂളിലും നാട്ടിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാലയത്തിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന അധ്യാപകനെന്ന നിലയിൽ പ്രീതി നേടിയിരുന്നു.
തിരോധാനം 2 മാസത്തിലേക്കെത്തുമ്പോഴും സൂചനകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ തിരച്ചിൽ ഉൗർജിതപ്പെടുത്തുന്നതിനു സംവിധാനമുണ്ടാകണമെന്നു തൃക്കരിപ്പൂർ ശ്രീരാമവില്യം കഴകം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് യു.കെ.രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കുഞ്ഞിക്കൃഷ്ണൻ, കെ.വി.രാജൻ, കെ.പി.ജയദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉപക്ഷേത്രങ്ങളായ ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യ, പേക്കടം കുറുവാപ്പള്ളി അറ ദേവസ്വം, തടിയൻ കൊവ്വൽ മുണ്ട്യ, പടന്ന മുണ്ട്യ എന്നിവിടങ്ങളിലെ ആചാര സ്ഥാനികരും ഭാരവാഹികളും പങ്കെടുത്തു.