ADVERTISEMENT

കാഞ്ഞങ്ങാട് ∙ ബേക്കൽ-കോവളം ജലപാതയുടെ ഭാഗമായി നീലേശ്വരം മുതൽ ചിത്താരി വരെ നിർമിക്കുന്ന കൃതിമ കനാലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയിലെ കോട്ടക്കടവിൽ പഴയ തൂക്കുപാലത്തിനു പകരം പുതിയ ഇരുമ്പ് പാലം നിർമിക്കുന്ന സ്ഥലം ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചു. നിർദിഷ്ട കനാൽ പാതയിൽ 3 മീറ്ററിൽ കുറവ് ഉയരമുള്ള പാലമാണ് ആദ്യം പൊളിച്ചു നീക്കുന്നത്.

കോട്ടക്കടവിലെ തൂക്കുപാലം പൊളിച്ച് ഇരുമ്പ് പാലമാണു നിർമിക്കുക. 1.4 കോടി രൂപയാണ് ചെലവ്. കോട്ടക്കടവിൽ പാലം പണിയുന്നതിനോടൊപ്പം നമ്പ്യാർക്കൽ ഭാഗത്തും പുതിയ പാലം നിർമിക്കും. അജാനൂർ, ബല്ല, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് വില്ലേജുകളിലൂടെയാണു കനാൽ കടന്നു പോകുന്നത്. കാരാട്ടുവയൽ, നെല്ലിക്കാട്ട്, അതിയാമ്പൂർ, വെള്ളായിപ്പാലം തുടങ്ങിയ റോഡുകൾ ജലപാത മുറിച്ചു കടക്കും. അള്ളംകോട് ചിത്താരിപുഴയിൽ രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന പാലത്തിന്റെ മാതൃകയും തയാറായിട്ടുണ്ട്. കനാലിന്റെ ഇരുഭാഗത്തും റോഡുകളും ആവശ്യമായ ഇടങ്ങളിൽ ഫ്ലൈ ഓവറുകളും ഉണ്ടാകും.‌

നീലേശ്വരം– ചിത്താരി നദികളിലെ കൃത്രിമ കനാലിനു ഭൂമിയേറ്റെടുക്കാൻ 178 കോടി രൂപയാണ് അനുവദിച്ചത്. ഭൂമിയേറ്റെടുക്കുന്നത് ഉടമയിൽ നിന്നായതിനാൽ 2013ലെ ഭൂമിയേറ്റെടുക്കൽ നിയമ പ്രകാരമുള്ള നഷ്ട പരിഹാരമാണു നൽകുന്നത്. പദ്ധതിക്കായി 44.156 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. കൂടാതെ നമ്പ്യാർക്കൽ അണക്കെട്ട് ഭാഗത്ത് നാവിഗേഷൻ ലോക്ക് നിർമിക്കാനുള്ള സ്ഥലവും ഏറ്റെടുക്കണം. നാവിഗേഷൻ ലോക്ക് നിർമിക്കാൻ കാഞ്ഞങ്ങാട് വില്ലേജിൽ 1.306 ഹെക്ടറും കനാൽ നിർമിക്കാൻ അജാനൂർ, ബല്ല, ഹൊസ്ദുർഗ് വില്ലേജുകളിലായി 42.8485 ഹെക്ടറുമാണ് ഏറ്റെടുക്കേണ്ടത്.

ഇതിനായി 178 കോടിയുടെ എസ്റ്റിമേറ്റ് ആണ് കേരള വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം തയാറാക്കിയത്. ഇതിനാണു നേരത്തെ ഭരണാനുമതി കിട്ടിയത്. നിലവിൽ കൂളിയങ്കാൽ വരെ പാതയ്ക്ക് ആവശ്യമായ സൗകര്യമുണ്ട്. കൂളിയങ്കാൽ മുതൽ ചിത്താരി വരെയാണ് കൃതിമ കനാൽ നിർമിക്കേണ്ടത്. 6.5 കിലോമീറ്റർ ദൂരത്തിൽ കൃതിമ കനാൽ നിർമിക്കണം.  കോവളം-ബേക്കൽ ജലപാത പദ്ധതിക്കായി 2451.24 കോടി രൂപ ഇതിനകം കിഫ്ബി അനുവദിച്ചു. ജലഗതാഗത പാതയ്ക്കു പുറമേ ടൂറിസം ഇടനാഴിയായും പാത മാറും. 35 കിലോമീറ്റർ ഇടവിട്ട് ഒരു ടൂറിസം ഗ്രാമം വികസിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ജലപാതയ്ക്കു വേണ്ടി വീടൊഴിഞ്ഞു പോകുന്നവർക്ക് പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. 3 സ്കീമുകളാണ് ഇതിലുള്ളത്.

നഗരസഭാ അധ്യക്ഷ കെ.വി.സുജാത, എക്സിക്യൂട്ടീവ് എൻജിനീയർ എ.അനൂപ്, കൗൺസിലർമാരായ കെ.അനീശൻ, പി.മുഹമ്മദ് കുഞ്ഞി, കെ.വി.മായാ കുമാരി എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്. വേണുഗോപാലൻ പെരളം, കെ.വി.ജയപാൽ, സുബിൻ നിലാങ്കര, കെ.വി.കുഞ്ഞമ്പാടി എന്നിവരും കൂടെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com