കാസർകോട് ∙ കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട കാസർകോട് യൂണിറ്റിൽ നിന്നുള്ള കന്നിയാത്ര 18ന് കണ്ണൂരിലേക്ക് പുറപ്പെടും. കണ്ണൂർ ജില്ലയിലെ സ്നേക്ക് പാർക്ക്, വിസ്മയ പാർക്ക്, പറശ്ശിനിക്കടവ്, മാടായിപ്പാറ എന്നീ സ്ഥലങ്ങൾ ഏർപ്പെടുത്തിയാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. 25ന് വയനാട്ടിലേക്കാണു രണ്ടാമത്തെ ഉല്ലാസയാത്ര. 2 ദിവസമാണ് ഈ യാത്ര. ഒരു ദിവസം വയനാട്ടിൽ താമസിച്ച് ജംഗിൾ സഫാരി, എടക്കൽ ഗുഹ, ബാണാസുരസാഗർ, കർളാട് ലേക്ക്, ഹെറിറ്റേജ് മ്യൂസിയം, പഴശ്ശി സ്മാരകം എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ചുവരുന്ന തരത്തിലാണ് ഈ പാക്കേജ് ക്രമപ്പെടുത്തിയിരിക്കുന്നത്.
സാധാരണക്കാരായ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കാണാനും സുരക്ഷിതവും സ്വതന്ത്രവുമായ യാത്രാനുഭവവുമാണ് കെഎസ്ആർടിസി വാഗ്ദാനം ചെയ്യുന്നത്. സഞ്ചാരികൾക്കു കുടുംബമായും കുട്ടികളുമായും ഈ യാത്രകളിൽ പങ്കാളികളാകാം. ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ബസ് മുഴുവനായും ബുക്ക് ചെയ്ത് യാത്ര ചെയ്യാനുള്ള സൗകര്യം കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 8 മുതൽ 6 വരെയാണ് യാത്രാ സമയം.
കെഎസ്ആർടിസിയുടെ ടൂറിസം പദ്ധതി കേരളത്തിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കാസർകോട് ഡിപ്പോയിലും ടൂറിസം ട്രിപ്പുകൾ ആരംഭിക്കുന്നത്. റൂട്ട് ചാർജ് അറിയുന്നതിനും ബുക്കിങ്ങിനും മറ്റു വിവരങ്ങൾക്കും 9495694525, 9446862282.