ചെറുവത്തൂർ ∙ ക്ലാസിൽ തന്റെ ബോക്സ് പൊട്ടിച്ച സഹപാഠിയെ ടിസി കൊടുത്തു വിടണമെന്നു പ്രധാനാധ്യാപകനോടു പരാതി പറയാനെത്തിയ ഒന്നാം ക്ലാസുകാരന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. കൊവ്വൽ എയുപി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ ധ്യാൻശങ്കറാണ് തന്റെ ബോക്സ് പൊട്ടിച്ച സഹപാഠിയെ ടിസി കൊടുത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകനോടു പരാതി പറയാനെത്തിയത്.
ബോക്സ് പൊട്ടിച്ച കുട്ടിയെ എന്തു ചെയ്യണമെന്ന് അധ്യാപകൻ ചോദിച്ചപ്പോൾ ‘അന്നൊരു വാക്ക് കൊടുത്തിരുന്നല്ലോ, ഇനി പ്രശ്നം ഉണ്ടാക്കിയാൽ ടിസി കൊടുത്തു വിടുമെന്ന്. ടിസി കൊടുത്തു വിടണ’മെന്നായി ധ്യാൻ. ‘ടിസി കൊടുത്താൽ അവന് വിഷമം ഉണ്ടാകില്ലേ, പഠിക്കാതെ വീട്ടിൽ ഇരിക്കേണ്ടി വരില്ലേ’ എന്ന പ്രധാനാധ്യാപകന്റെ ചോദ്യത്തിനു മുൻപിൽ ധ്യാൻ ആദ്യം ഒന്നാലാചിച്ചു നിന്നു.
6 വയസ്സിനിടയിൽ സ്വായത്തമാക്കിയ പഠനാനുഭവങ്ങളിൽ നിന്നു മനസ്സിലാക്കിയ കാര്യം കൂടിയാണ് ഇത്തരമൊരു പ്രതികരണത്തിനു കുട്ടിയെ പ്രാപ്തനാക്കിയത്. കുട്ടിയെ അറിയുക എന്നത് പൊതുവിദ്യാലയങ്ങളിലെ പുതിയ പദ്ധതിയാണ്. ഓരോ കുട്ടിയെയും സംരക്ഷിച്ചും നിരീക്ഷിച്ചും തിരിച്ചറിഞ്ഞും സഹായിച്ചും സഹരക്ഷാകർത്താവായാണ് അധ്യാപകർ പ്രവർത്തിക്കുന്നത്.
പ്രമോദ് അടുത്തില (പ്രധാനാധ്യാപകൻ)
‘ധ്യാൻ ശങ്കർ പറഞ്ഞിട്ട് ടിസി കൊടുത്തു എന്നറിഞ്ഞാൽ അവന്റെ വീട്ടുകാർക്കു വിഷമമാകില്ലേ’യെന്ന് വീണ്ടും അധ്യാപകൻ പറഞ്ഞപ്പോൾ ‘ഞാനൊന്നാലോചിക്കട്ടെ’ എന്നു പറഞ്ഞ ശേഷം ‘ഒരവസരം കൂടി നൽകാമെ’ന്നു പറയുന്ന ധ്യാനിന്റെ നിഷ്ക്കളങ്കമായ ഉത്തരവും മുഖഭാവവും ആരേയും ചിന്തിപ്പിക്കുന്നതാണ്. വിഡിയോ പകർത്തിയത് പ്രധാനാധ്യാപകൻ പ്രമോദ് അടുത്തിലയാണ്.