കുറ്റിക്കോൽ ∙പഞ്ചായത്തിലെ ഹരിതകർമ സേന സംഭരിച്ച പ്ലാസ്റ്റിക് മാലിന്യം പുളുവിഞ്ചിയിലെ പൂട്ടിക്കിടക്കുന്ന കയർ ഫാക്ടറിയിൽ കെട്ടിക്കിടക്കുന്നതായി പരാതി. കുറ്റിക്കോൽ പഞ്ചായത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ സേനാംഗങ്ങൾ കഴിഞ്ഞ ആറു മാസത്തിലധികമായി ശേഖരിച്ച അജൈവ മാലിന്യങ്ങളാണ് തരം തിരിച്ചു ചാക്കുകളിലാക്കി അലക്ഷ്യമായിട്ടിരിക്കുന്നത്. വീടുകളിൽ നിന്നും 50 രൂപ വീതം ഹരിതകർമ സേന വാങ്ങിയ ശേഷമാണ് മാലിന്യം ശേഖരിക്കുന്നത്. എന്നിട്ടും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നില്ല.
കൊച്ചി ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം പോലെയുള്ള ദുരന്തങ്ങൾ ഇവിടെ ഉണ്ടായാൽ ഒട്ടേറെ കുടുംബങ്ങളെ ബാധിക്കും. അതിനാൽ ഭീതിയോടെയാണ് സമീപവാസികൾ കഴിയുന്നത്. പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ നിന്നും മാലിന്യം നീക്കാനുള്ള നടപടികൾ ആരംഭിച്ചെന്നും ഉടൻ മാലിന്യം നീക്കുമെന്നും അധികൃതർ പറയുന്നു.