പെരിയ ∙ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾക്കായി തുറന്നു കൊടുത്ത പുതിയ ഹോസ്റ്റലുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധിച്ച് എബിവിപി നേതൃത്വത്തിൽ വിദ്യാർഥികൾ വൈസ് ചാൻസലർ പ്രഫ. എച്ച്. വെങ്കിടേശ്വർലുവിനെ തടഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിലായിരുന്നു പ്രതിഷേധം. വിദ്യാർഥികൾ വൈസ് ചാൻസലറെ കാണാൻ അഭ്യർഥിച്ചിട്ടും അനുമതി നൽകിയില്ല. ഇതിനിടെ പുറത്തേക്കു വന്ന വൈസ് ചാൻസലർ വിദ്യാർഥികളോട് കയർക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ കയറി പോകാനൊരുങ്ങിയ വൈസ് ചാൻസലറെ വിദ്യാർഥികൾ തടയുകയായിരുന്നു.
വിദ്യാർഥികളെ നീക്കുന്നതിനിടെ സുരക്ഷാ ജീവനക്കാർ വിദ്യാർഥികളോട് മോശമായി പെരുമാറിയതായും ആക്ഷേപമുണ്ട്. സ്റ്റഡി ടേബിൾ, ആവശ്യത്തിന് ലൈറ്റ് എന്നിവ പുതിയ ഹോസ്റ്റലുകളിൽ ഇല്ല. നിലവാരം കുറഞ്ഞ ഭക്ഷണമാണ് മെസിൽ നൽകുന്നതെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നു എബിവിപി ഭാരവാഹികൾ പറഞ്ഞു.
സ്റ്റുഡന്റ്സ് വെൽഫെയർ ഡീനും ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കുകയാണെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി. ഉന്നയിച്ച ആവശ്യങ്ങളിൽ 31 നു മുൻപ് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് എബിവിപി മുന്നറിയിപ്പ് നൽകി. സംസ്ഥാന സമിതിയംഗം അക്ഷയ്, യൂണിറ്റ് പ്രസിഡന്റ് ദിവ്യശ്രീ തേജ, ജോയിന്റ് സെക്രട്ടറി അശുതോഷ്, ഭാരവാഹികളായ വിശ്വജിത്ത്, ഝാൻസി എന്നിവർ നേതൃത്വം നൽകി.