മയിച്ച∙ പൂരത്തിന്റെ സന്ദേശം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നതിനായി പുഴകൾ നീന്തി കടന്ന് ഒറ്റ ദിവസം കൊണ്ട് ആയിരം വീടുകളിലേക്ക് ഓടി കയറി യുവാക്കളുടെ സംഘം. മയിച്ച–വെങ്ങാട്ട് വയൽക്കര ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവത്തിന് ഭാഗമായി നടക്കുന്ന ചങ്ങാത്തം ചോദിക്കൽ ചടങ്ങിന്റെ ഭാഗമായിട്ടാണ് യുവാക്കളുടെ സംഘം പൂര സന്ദേശം എത്തിച്ചത്.
ക്ഷേത്ര പരിധിയിൽ ഉൾപ്പെടുന്ന വീടുകളിലേക്കാണ് ഈ ചടങ്ങ് വഴി പൂരത്തിന്റെ വരവ് അറിയിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഈ ചടങ്ങ് നടക്കുമ്പോൾ ക്ഷേത്ര പരിധിയിൽ ആകെ ഉണ്ടായിരുന്നത് 300 ൽ താഴെ വീടുകൾ മാത്രമാണ് .വലിയ വികസനങ്ങൾ ഒന്നും വരാതിരുന്ന അക്കാലത്ത് പോകുന്ന വഴിയിലെ പുഴകളും തോടുകളും നീന്തി കടന്നാണ് യുവാക്കളുടെ വീടികളിലേക്കുള്ള യാത്ര.സംഘത്തെ നയിക്കുന്ന യുവാവ് പട്ടും ചൊറയും ധരിക്കും. ഇദേഹത്തെ ചുമലിലേറ്റിയാണ് പുഴകൾ കടത്തുക. എന്നാൽ പുതിയ കാലത്ത് പുഴകൾക്ക് കുറുകെ പാലങ്ങൾ വന്നെങ്കിലും പുഴ കടക്കുന്നത് ഇപ്പോഴും നീന്തി കൊണ്ട് തന്നെയാണ്.
എന്നാൽ വീടുകളുടെ എണ്ണം ആയിരം കടന്നതോടെ ഒറ്റ ദിവസം കൊണ്ട് ഇവിടെയെല്ലാം ഓടിയെത്തുക എന്നത് പ്രയാസകരമാണെങ്കിലും ഭക്തിയുടെ നിറവിൽ ഓട്ടത്തിന്റെ കാഠിന്യം ഇവർ മറക്കുകയാണ്. മയിച്ചയിലെ പൂരക്കളി പരിശീലന പന്തലിൽ നിന്ന് ഇന്നലെ പുലർച്ചെ 4.30 നാണ് സംഘം പുറപ്പെട്ടത്.വൈകിട്ട് 4.30 ഓടെ പൂരക്കളി പന്തലിലേക്ക് തന്നെ തിരിച്ചെത്തി. സംഘത്തെ സ്വീകരിക്കുവാൻ വീടുകളിൽ വിഭവ സമൃദ്ധമായ സദ്യ, ധാന്യ പുഴുക്കുകൾ, പഴ വർഗങ്ങൾ, കഞ്ഞി എന്നിങ്ങനെയുള്ളവ ഒരുക്കി വെച്ചിരുന്നു. മയിച്ചയിലെ ഓട്ടോ ഡ്രൈവറായ സുജീഷാണ് ഇത്തവണ പട്ടും ചൊറയും ധരിച്ചത്.