കാസർകോട് ∙ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ബേവിഞ്ചയിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്യം നിഷേധിക്കുകയാണെന്ന് ആരോപിച്ച് ആക‍്ഷൻ കമ്മിറ്റി ദേശീയപാതയോരത്ത് മനുഷ്യച്ചങ്ങല തീർത്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ തീരുമാനിച്ചു.
ദേശീയപാതയുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുമ്പോൾ ചെർക്കള മുതൽ തെക്കിൽപാലം വരെ ജനങ്ങൾക്ക് യാത്ര ചെയ്യാൻ പറ്റാത്തവിധം സർവീസ് റോഡോ അനുബന്ധന സൗകര്യങ്ങളെയോ ഇല്ലാതെയാണു പണി നടക്കുന്നതെന്ന് ആക‍്ഷൻ കമ്മിറ്റി ആരോപിച്ചു. അധികൃതരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നെങ്കിലും പരിഹരിക്കാമെന്നു വാക്കാൽ ഉറപ്പു നൽകിയതല്ലാതെ ഇതുവരെ രേഖാമൂലം അറിയിപ്പൊന്നും കിട്ടിയില്ലെന്നു ഭാരവാഹികൾ ആരോപിച്ചു.
ഇന്നലെ നടന്ന മനുഷ്യചങ്ങല എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആക‍്ഷൻ കമ്മിറ്റി ചെയർമാൻ സത്താൻ പള്ളിയാൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഷാഫി ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‍രിയ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.വി.ജയിംസ്, ഹനീഫ് പാറ, ചെങ്കള പഞ്ചായത്ത് അംഗം പി.ശിവപ്രസാദ്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, സിദ്ദിഖ് നദ്‍വി ചേരൂർ, മുഹമ്മദ് വടക്കേക്കര, എം.ടി.നാസർ, ബഷീർ സ്റ്റാർനഗർ എന്നിവർ പ്രസംഗിച്ചു.