ചെറുവത്തൂർ∙ കടലമ്മ കനിഞ്ഞു. കടലിൽ ഇറങ്ങിയ വള്ളങ്ങൾക്ക് വല നിറയെ ചെമ്മീൻ. 1,000മുതൽ 2,000കിലോവരെ പൂവാലൻ ചെമ്മീനുമായാണ് ഇന്നലെ ഓരോ വള്ളവും മടക്കര മീൻപിടിത്ത തുറമുഖത്ത് എത്തിയത്. കിലോയ്ക്ക് 175 രൂപ വച്ചാണ് കച്ചവടക്കാർ വള്ളക്കാരിൽ നിന്ന് ചെമ്മീൻ വാങ്ങിയത്. കഴിഞ്ഞ ദിവസവും വള്ളങ്ങൾക്ക് ചെമ്മീൻ ലഭിച്ചിരുന്നു. ഒരു മാസം മുൻപ് വരെ വള്ളങ്ങൾക്ക് അയലയും, മത്തിയും ധാരാളമായി കിട്ടിയിരുന്നു.
എന്നാൽ ആഴ്ചകളായി അയലയുടെയും മത്തിയുടെയും ലഭ്യത വളരെ കുറവാണ് ഉണ്ടായിരുന്നത്. മറ്റു മീനുകളും ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതോടെ മത്സ്യത്തൊഴിലാളികൾ ചെലവിനു പോലും വിഷമിക്കുന്ന കാലത്താണ് കടലിൽ ചെമ്മീൻ ചാകര എത്തിയത്. എന്നാൽ മീൻപിടിത്ത ബോട്ടുകൾക്ക് കാര്യമായ മീൻ ഒന്നും ലഭിച്ചില്ല. വള്ളത്തിലും, ബോട്ടുകളിലും പണിയെടുക്കുന്ന തൊഴിലാളികളും, അനുബന്ധ തൊഴിലാളികളും അടക്കം നൂറു കണക്കിന് ആളുകളാണ് മടക്കര മീൻപിടിത്ത തുറമുഖം കേന്ദ്രമാക്കി ജോലി ചെയ്ത് കുടുംബം പോറ്റുന്നത്.