തൃക്കണ്ണാട് ∙ പാതയോരത്തു നിർത്തിയിട്ട ലോറിക്കു പിന്നിൽ പാചക വാതക ടാങ്കർ ഇടിച്ച് ഡ്രൈവർ ഒന്നര മണിക്കൂർ ക്യാബിന് ഉള്ളിൽ കുടുങ്ങി. ഒടുവിൽ കാഞ്ഞങ്ങാട്ടു നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് തമിഴ്നാട് സ്വദേശിയായ ഡ്രൈവർ തങ്കരാജിനെ സാഹസികമായി രക്ഷപ്പെടുത്തിയത്.
മംഗളൂരുവിൽ നിന്നു കണ്ണൂർ ഭാഗത്തേക്കു പോയ ടാങ്കർ ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ നാലരയോടെ ബേക്കൽ തൃക്കണ്ണാട്ടാണു സംഭവം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഒ.ജി.പ്രഭാകരൻ, ഓഫിസർമാരായ പി.ജി.ജീവൻ, ഷിജു, സുധീഷ്, അനീഷ്, അജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.