ADVERTISEMENT

കാസർകോട് ∙ വനംവകുപ്പിന്റെ ഭൂമിയിലെ കശുവണ്ടി സംഭരണാവകാശത്തിനുള്ള ലേലം അവസാനഘട്ടത്തിൽ റദ്ദാക്കിയതിനാൽ സർക്കാരിനു നഷ്ടം ലക്ഷങ്ങൾ. സീസൺ അവസാനിക്കാറായതിനാൽ ഇനി ലേലം ചെയ്താലും എടുക്കാൻ ആൾക്കാർ എത്തുന്ന കാര്യം സംശയമാണ്.കാസർകോട് റേഞ്ചിലെ 21 കശുമാവ് യൂണിറ്റുകളിൽ ഒരെണ്ണത്തിന്റെ ലേലം മാത്രം അംഗീകരിച്ചത്. ബാക്കി 20 യൂണിറ്റുകളുടെ ലേലവും സിസിഎഫ്(ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്) തള്ളി. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടത്തിയ ലേലം അംഗീകരിക്കാതെ തള്ളിയത് ഒരാഴ്ച മുൻപാണ്.

കശുവണ്ടി കുറവായതിനാൽ 5000-15000 രൂപ വരെ തുകയാണ് ഓരോ യൂണിറ്റിനും ലഭിച്ചത്. ഇതിന്റെ നികുതിയും ചേർക്കുമ്പോൾ 4 ലക്ഷത്തോളം രൂപയെങ്കിലും കുറഞ്ഞതു ലഭിക്കുമായിരുന്നു. ലേലം എടുത്തവരിൽ അധികം പേരും മുഴുവൻ തുകയും മുൻകൂർ ആയി അടച്ചതുമാണ്. അവർക്കു തുക തിരികെ നൽകേണ്ടി വരും.റേഞ്ച് ഓഫിസിൽ നടത്തുന്ന ലേലം സിസിഎഫ് അംഗീകരിച്ചാൽ മാത്രമാണ് നിയമപരമായി കശുവണ്ടി ശേഖരിക്കാനുള്ള അവകാശം ലഭിക്കുന്നത്. എന്നാൽ മരത്തിൽ നിന്ന് വീഴുന്ന കശുവണ്ടി യഥാസമയം ശേഖരിക്കേണ്ടതിനാൽ ലേലം നടത്തിയാലുടൻ കശുവണ്ടി എടുക്കാൻ ഉദ്യോഗസ്ഥർ അനുമതി നൽകാറുണ്ട്.

ഇത്തവണയും ലേലം കഴിഞ്ഞയുടനെ ബന്ധപ്പെട്ടവർ കശുവണ്ടി ശേഖരിക്കാൻ തുടങ്ങിയിരുന്നു. ജനുവരി-മാർച്ച് മാസങ്ങളിലാണ് നല്ല കശുവണ്ടി ലഭിക്കുന്നത്. മഴ പെയ്താൽ പിന്നെ ഗുണനിലവാരവും വിലയും കുറയും. അതുകൊണ്ടു തന്നെ ഇനി തോട്ടങ്ങൾ ലേലം പോകാനുള്ള സാധ്യത വിരളമാണ്.ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ നേരിട്ട് കശുവണ്ടി ശേഖരിക്കുന്നത് വനംവകുപ്പിനു പ്രായോഗികവുമല്ല. ലേലം റദ്ദാക്കിയതിനു ശേഷമുള്ള കശുവണ്ടി വെറുതെ നശിച്ചുകൊണ്ടിരിക്കുകയുമാണ്. 

കശുവണ്ടി തോട്ടം ലേലത്തിലൂടെ വർഷങ്ങൾക്കു മുൻപു ലക്ഷങ്ങളാണ് വനംവകുപ്പിനു വരുമാനം ലഭിച്ചിരുന്നത്. ഒരു യൂണിറ്റിനു തന്നെ ഒന്നര ലക്ഷം രൂപയിലേറെ ലഭിച്ച സമയം ഉണ്ടായിരുന്നു. എന്നാൽ കശുമാവുകൾക്കിടയിൽ അക്കേഷ്യ വളർന്നതോടെ കശുമാവ് നശിക്കുക മാത്രമല്ല ഉൽപാദനവും കുത്തനെ കുറഞ്ഞു. കഴിഞ്ഞ കുറെ വർഷമായി കശുമാവ് നടുന്നതും വനംവകുപ്പ് നിർത്തി. ഇതോടെ കശുമാവ് തോട്ടങ്ങൾ അക്കേഷ്യ കാടുകളായി. പേരിനു മാത്രമാണ് കശുമാവ് പലയിടത്തും ഉള്ളത്. ഇതാണ് ലേല തുക കുറയാനുള്ള കാരണം. പക്ഷേ കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ തുക എന്ന പേരിലാണ് സിസിഎഫ് േലലം റദ്ദാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com