നീലേശ്വരം ∙ വീതി കൂട്ടി നവീകരിക്കാനായി ആലിൻകീഴിൽ – ബങ്കളം – ചായ്യോത്ത് റോഡ് അടച്ചിട്ട് 2 മാസം കഴിഞ്ഞെങ്കിലും പണി ഇഴഞ്ഞു തന്നെ. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതിനാൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. ആലിൻകീഴിൽ മുതൽ ചായ്യോം വരെ 3 കിലോമീറ്റർ വരുന്ന ഭാഗം കിളച്ചു മറിച്ചിട്ടിരിക്കുകയാണ്. ചായ്യോം ഭാഗത്ത് പകുതിയോളം ടാർ ചെയ്തിട്ടുണ്ടെങ്കിലും ആലിൻകീഴിൽ മുതൽ ബങ്കളം വരെയുള്ള ഭാഗത്താണ് റോഡ് കിളച്ചു ജെല്ലി നിരത്തിയിട്ടിരിക്കുന്നത്.
പണി ഇഴയുമ്പോഴും ഇതിനെതിരെ പ്രതികരിക്കാൻ ആരുമില്ലെന്നതാണ് കഷ്ടം. ബങ്കളം, കയ്യൂർ– ചീമേനി, ബിരിക്കുളം, പരപ്പ, കാഞ്ഞിരപ്പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതുവഴി പോകുന്ന കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ളവ സർവീസ് നിര‍്ത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ഓട്ടോറിക്ഷകൾക്കു പോലും ഇതുവഴി കടന്നുപോകാൻ സാധിക്കുന്നില്ല.
കക്കാട്ട് ജിഎച്ച്എസ്എസിലേക്ക് പരീക്ഷ എഴുതാനെത്തുന്നവർക്കും ഇവിടെ നിന്നു പരീക്ഷയെഴുതാൻ മറ്റിടങ്ങളിലേക്കു പോകുന്നവർക്കും എല്ലാം ദുരിതമാണ്. രോഗികളെ ആശുപത്രിയിലെത്തിക്കാനും കിലോമീറ്ററുകൾ ചുറ്റണം.