രാജപുരം ∙ മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷം 30 വർഷമായുള്ള തന്റെ കൈവശഭൂമിക്ക് പട്ടയം ലഭിച്ച സന്തോഷത്തിലാണ് കോടോം ബേളൂർ പഞ്ചായത്ത് പനയാർകുന്ന് പട്ടികവർഗ ഊരിലെ ശ്യാമളയുടെ കുടുംബം. കൈവശ ഭൂമിക്ക് രേഖ ഇല്ലാത്തത് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ശ്യാമളയ്ക്ക് തടസ്സമായിരുന്നു. തുടർന്ന് 3 വർഷം മുൻപ് അന്നത്തെ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാരാ ലീഗൽ വൊളന്റിയറായ 2-ാം വാർഡ് ഊരു മൂപ്പൻ നാരായണൻ കണ്ണാടിപ്പാറ നിവേദനം തയാറാക്കി ശ്യാമളയെ കൂട്ടി പട്ടയം അനുവദിക്കുന്നതിനായി ജില്ലാ ലാൻഡ് ട്രിബ്യൂണൽ ഓഫിസർ, ജില്ലാ കലക്ടർ എന്നിവർക്ക് നിവേദനം നൽകുകയായിരുന്നു.
ശ്യാമളയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ ഉദ്യോഗസ്ഥർ 2022 ഡിസംബറിൽ ശ്യാമളയ്ക്ക് പട്ടയം അനുവദിച്ച്‍ ഉത്തരവായി. ഇന്നലെ ഊരുമൂപ്പൻ നാരായണനോടൊപ്പം ശ്യാമളയും മകൻ ഉണ്ണിക്കൃഷ്ണനും ലാൻഡ് ട്രിബ്യൂണൽ ഓഫിസിൽ എത്തി പട്ടയം കൈപ്പറ്റി. ഇനി വീടിനായി അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ് ശ്യാമള.