ADVERTISEMENT

കാഞ്ഞങ്ങാട്∙ എല്ലാം നഷ്ടപ്പെട്ട് തനിച്ചായിപ്പോയ ലോകത്തു നിന്നു തന്നെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്ന പിതൃതുല്യനായ മനുഷ്യനാണ് ഇന്നലെ അന്തരിച്ച മുൻ നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മാരപാണ്ഡ്യനെന്ന് സർക്കാരിന്റെ ആദ്യ ദത്തുപുത്രി ശ്രീജ. 1994 ജൂലൈ 20ലെ ഒരു കാലവർഷ രാത്രിയിലെ അപകടത്തിലാണു ശ്രീജയ്ക്ക് കുടുംബാംഗങ്ങളെ നഷ്ടമായത്. കനത്ത മഴയിൽ വീടിന് മുകളിലേക്ക് മാവ് വീണ നടുക്കുന്ന രാത്രി. തകർന്നു മണ്ണോടു ചേർന്ന വീടിന് അകത്തു നിന്ന് ശ്രീജയെ മാത്രമാണ് അന്ന് രക്ഷാപ്രവർത്തകർക്ക് ജീവനോടെ പുറത്തെടുക്കാനായത്. ആ ദുരന്തത്തിൽ അച്ഛനും അമ്മയും രണ്ടു സഹോദരന്മാരും ശ്രീജയെ തനിച്ചാക്കി ഈ ലോകത്തോട് വിടപറഞ്ഞു.

അന്ന് കാസർകോട് കലക്ടറായിരുന്ന എസ്.മാരപാണ്ഡ്യനാണ് ശ്രീജയെ ജീവിതത്തിലേക്ക് കൈപിടിച്ചത്. തനിച്ചായിപ്പോയ ശ്രീജയെ ദത്തെടുക്കാനുള്ള നടപടികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ ശ്രീജയെ സർക്കാരിന്റെ മകളായി ഏറ്റെടുക്കാൻ തയാറായി. അങ്ങനെ ശ്രീജ സംസ്ഥാന സർക്കാരിന്റെ ആദ്യ ദത്തുപുത്രിയായി മാറി. പിന്നീട് വന്ന ഇ.കെ.നായനാർ സർക്കാർ ശ്രീജയ്ക്ക് വീടും സ്ഥലവും നൽകി. സർക്കാർ പിന്നീട് ശ്രീജയ്ക്ക് റവന്യു വകുപ്പിൽ ജോലിയും നൽകി. അധ്യാപകനായ വിനോദ് കുമാറുമായുള്ള വിവാഹം നടത്തിക്കൊടുത്തതും സർക്കാർ തന്നെയായിരുന്നു.

എല്ലാം നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിന്നു തന്നെ സ്വന്തം മകളായി കണ്ടാണ് മാരാപാണ്ഡ്യൻ സാർ എല്ലാം ചെയ്തു തന്നതെന്ന് ശ്രീജ ഓർക്കുന്നു. ജീവിതത്തിലെ എല്ലാകാര്യങ്ങൾക്കും മാരാപാണ്ഡ്യന്റെ സാന്നിധ്യമുണ്ടായിരുന്നു. ‘അദ്ദേഹം കൊടുത്തയച്ച വിവാഹ സാരി അണി‍ഞ്ഞാണ് ഞാൻ കതിർ മണ്ഡപത്തിലേക്ക് പോയത്. ആദ്യ മകൾ ജനിച്ചപ്പോൾ അവൾക്ക് വസ്ത്രങ്ങൾ അടക്കം കൊടുത്തയച്ചിരുന്നു അദ്ദേഹം. 2017ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കലോത്സവത്തിന് ആണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് അവസാനമായി പോയത്.

അന്ന് കുടുംബസമേതം അദ്ദേഹത്തെ കണ്ടു, അനുഗ്രഹം വാങ്ങി. ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ ആണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത അറിഞ്ഞത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ ഈശ്വരനോട് പ്രാർഥിക്കുന്നു’– ശ്രീജ പറഞ്ഞു. ശ്രീലക്ഷ്മിയും മീനാക്ഷിയുമാണ് ശ്രീജയുടെ മക്കൾ. 1994 ജൂലൈ മുതൽ നവംബർ വരെ ഏതാനും മാസങ്ങൾ മാത്രമാണ് മാരപാണ്ഡ്യൻ കാസർകോട് കലക്ടറായിരുന്നത്. ചെറിയ കാര്യങ്ങളിൽ പോലും കാര്യക്ഷമമായ ഇടപെടലുകൾ നടത്തി ജനകീയനായി. അങ്ങനെ ‘ഹ’മാരാ പാണ്ഡ്യൻ(നമ്മുടെ പാണ്ഡ്യൻ) എന്നും ആളുകൾ വിളിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com