ADVERTISEMENT

കാസർകോട് ∙ വനംവകുപ്പ് മുൻകയ്യെടുത്തു നടത്തിയ പക്ഷി നിരീക്ഷണ ക്യാംപിൽ പരിചയപ്പെട്ടവർ ഒത്തുചേർന്ന് 2017ലാണ് കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെ തുടക്കം. മാക്സിം റോഡ്രിഗൂസ്, രാജു കിദൂർ, ഡോ. പ്രശാന്ത്, പ്രദീപ് ചന്ദ്രൻ, ഗോവിന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇത്. ഇന്നിപ്പോൾ ഗവേഷകർ, അധ്യാപകർ, ഡോക്ടർമാർ, ആർക്കിടെക്ടുമാർ, വിദ്യാർഥികൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വലിയ കൂട്ടായ്മയായി അതു വളർന്നിരിക്കുന്നു. പക്ഷി നിരീക്ഷണം ഒരു വിനോദം എന്ന നിലയിൽ നിന്നു മാറി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ ബോധവൽക്കരണം നടത്താൻ ഇതുവഴി സാധിച്ചു. 

വിദ്യാലയങ്ങളിലും ഒപ്പം മറ്റു പരിസ്ഥിതി സംഘടനകൾക്കൊപ്പവും എൻജിഒകൾക്കു വേണ്ടിയും ബോധവൽക്കരണ ക്ലാസുകൾ ഉൾപ്പെടെ ഈ കൂട്ടായ്മയിലെ വിദഗ്ധർ എടുക്കുന്നുണ്ട്. 2018ൽ സംസ്ഥാനത്തെ പക്ഷി ഭൂപടം തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കൂടുതൽ പക്ഷി നിരീക്ഷകർ സജീവമായി. വനംവകുപ്പിലെ ഡപ്യൂട്ടി റേഞ്ചർ കെ.ഇ.ബിജുമോൻ, സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ സത്യൻ തുടങ്ങിയവർ തുടക്കം മുതൽ കൂട്ടായ്മയ്ക്കൊപ്പമുണ്ട്. പതിറ്റാണ്ടുകളായി ജില്ലയിൽ പക്ഷി നിരീക്ഷണം നടത്തിയിരുന്ന മുതിർന്നവർ പലരും ഈ കൂട്ടായ്മയുടെ ഭാഗമായി. 2019ൽ റാണിപുരത്ത് വനംവകുപ്പ് പക്ഷി സർവേ ക്യാംപ് നടത്തി. അതോടെ ബേഡേഴ്സ് കൂട്ടായ്മ കൂടുതൽ സജീവമായി.

പക്ഷി നിരീക്ഷകർക്കൊപ്പം ചിത്രശലഭം, തുമ്പികൾ, ചിലന്തികകൾ, പാമ്പുകൾ, തവളകൾ, സസ്യങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ ഇപ്പോൾ കൂട്ടായ്മയുടെ ഭാഗമാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പക്ഷി നിരീക്ഷകരെ വരെ ഉൾപ്പെടുത്തി കിദൂർ ബേഡ് ഫെസ്റ്റ് എന്ന പരിപാടി നടത്തി. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന ഇ–ബേഡ് പോർട്ടലിലെ കണക്കനുസരിച്ച് ജില്ലയിൽ ഇതുവരെ 393 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ 550 ഇനം പക്ഷികളെയാണു കണ്ടെത്തിയിട്ടുള്ളത്. വെള്ളിക്കോത്ത് സ്വദേശിയായ ശ്യാംകുമാർ പുറവങ്കരയാണ് ജില്ലയിൽ കൂടുതൽ പക്ഷികളെ നിരീക്ഷിച്ചിട്ടുള്ളത് (333 ഇനങ്ങളെ). രാവണീശ്വരം സ്വദേശി ഹരീഷ് ബാബു 329 ഇനം പക്ഷികളെ നിരീക്ഷിച്ചിട്ടുണ്ട്.

കടൽ തീരവും വയലുകളും ഇടനാട്ടിലെ ചെങ്കൽ കുന്നുകളും വനമേഖലയുമുള്ള ജില്ലയിൽ നിന്ന് ഇനിയും ഒട്ടേറെ പുതിയ പക്ഷികളെ കണ്ടെത്താൻ സാധിക്കുമെന്നാണു വിലയിരുത്തൽ. കണ്ടെത്തിയ പക്ഷികൾ: റിപ്ലി മൂങ്ങ, മരപ്രാവ്, പോതക്കിളി, കാട്ടുവാലുകുലുക്കി എന്നീ പക്ഷികളെ ഈ വർഷമാണു ജില്ലയിൽ കണ്ടെത്തിയത്. ലോക്ഡൗൺകാലമായിരുന്ന 2020ൽ മാത്രം ജില്ലയിൽ പുതുതായി കണ്ടെത്തിയത് 27 ഇനം പക്ഷികളെയാണ്. നെൽപ്പൊട്ടൻ (ഗോൾഡൻ ഹെഡഡ് സിസ്റ്റിക്കോള) എന്ന പക്ഷിയുടെ പ്രജനനം സംസ്ഥാനത്ത് കണ്ടെത്തിയിട്ടുള്ളത് റാണിപുരത്തു മാത്രമാണ്.

സംസ്ഥാനത്തു 4 തവണ മാത്രം കണ്ടെത്തിയിട്ടുള്ള ചാട്ടക്കോഴിയെ (ലെസർ ഫ്ലോറിക്കൻ) കാസർകോട് കണ്ടെത്തിയിട്ടുണ്ട്. മേനിക്കാട, ചെറിയ മീൻ പരുന്ത്, മണൽ കത്രികപ്പക്ഷി, മലങ്കൂളൻ, വെൺ കടലാള, യൂറോപ്യൻ ഹണി ബസഡ്, നെന്മണിക്കുരുവി തുടങ്ങിയ പക്ഷികളെ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com