തൃക്കരിപ്പൂർ ∙ കോവിഡ് കാലത്തു തുടങ്ങിയ ‘കാർ പൂളിങ്ങി’ലെ കൂട്ട് നിയന്ത്രണങ്ങൾ മാറിയിട്ടും ഒരു വർഷത്തിലേറെയായി തുടർന്ന് അധ്യാപകർ. ജില്ലയുടെ തെക്കേ അതിരായ തൃക്കരിപ്പൂരിൽ നിന്നു വടക്കൻ മേഖലയിലെ കുമ്പള പുത്തിഗെ എജെബി സ്കൂളിലേക്കു ദിനവും 130 കിലോ മീറ്റർ സഞ്ചരിച്ച് 4 അധ്യാപകർ ഇപ്പോഴും എത്തുന്നത് ഒരു കാറിലാണ്.കോവിഡ് വേളയിൽ ട്രെയിനിൽ സഞ്ചരിക്കുന്നതിനു കർശന നിയന്ത്രണം നടപ്പായിരുന്ന സമയത്താണ് എ.വി.ബാബുരാജ്, രാഹുൽ ഉദിനൂർ, പടന്ന എടച്ചാക്കൈയിലെ അൻവർഷാ, നീലേശ്വരം പട്ടേനയിലെ പി.പി.പ്രിയ എന്നീ അധ്യാപകർ യാത്രയിൽ ഒത്തു ചേർന്നത്. 4 പേരും ഒരേ വിദ്യാലയത്തിലെ അധ്യാപകർ. പ്രിയ ഒഴികെ 3 പേരും ഉദിനൂർ ഭാഗത്തു നിന്നു വാഹനത്തിൽ കയറും. പ്രിയ നീലേശ്വരത്തു നിന്നും. ഒരേ സ്ഥലത്തേക്കു പോകുന്ന പലരും ഒന്നിച്ചു പോകുന്ന കാർ പൂളിങ് നഗരങ്ങളിൽ പതിവാണെങ്കിലും ഗ്രാമ പ്രദേശങ്ങളിൽ തുടരുന്നവർ കുറവാണ്.
രാഹുലും ബാബുരാജും അൻവർഷായും മാറിമാറി വണ്ടി ഓടിക്കും. 500 രൂപയുടെ പെട്രോൾ നിറച്ചാൽ 130 കിലോ മീറ്റർ ഓടാം. കോവിഡാനന്തരം ട്രെയിൻ സമയത്തിൽ മാറ്റം വരികയും സമയത്ത് വിദ്യാലയത്തിൽ എത്താൻ കഴിയാതെ വരികയും ചെയ്തപ്പോഴാണ് കൂട്ടായ ചർച്ചയിലൂടെ 4 പേരും ചെറുവാഹനത്തിലേറി ഓട്ടം തുടങ്ങിയത്. വാഹനത്തിലെ യാത്ര ഏറെ സൗകര്യപ്രദമായി. രാവിലെ 8നാണ് ഇവിടെ നിന്നു പുറപ്പെടുക. 9.30ഓടെ സ്കൂളിലെത്തും. വൈകിട്ട് 6നകം വീട്ടിൽ തിരിച്ചെത്താൻ സാധിക്കും. ട്രെയിൻ പലപ്പോഴും രാത്രി 7.30 ആകും തൃക്കരിപ്പൂർ സ്റ്റേഷൻ പിടിക്കുമ്പോൾ. വീട്ടിലെത്താൻ പിന്നെയും വൈകും. റോഡ് യാത്രയിലേക്കു മാറിയതോടെ ശരാശരി ഒന്നര മണിക്കൂർ നേരത്തെയെങ്കിലും വീട് എത്താമെന്നത് ആശ്വാസമായി കാണുകയാണ് ഈ അധ്യാപക സുഹൃത്തുക്കൾ.