കാസർകോട് ജില്ലയിൽ ഇന്ന് (29-03-2023); അറിയാൻ, ഓർക്കാൻ
Mail This Article
തൃക്കരിപ്പൂർ ഗവ.താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് ഉദ്ഘാടനം ഒന്നിന് തൃക്കരിപ്പൂർ ∙ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള തൃക്കരിപ്പൂർ ഗവ.താലൂക്ക് ആശുപത്രിക്ക് സംസ്ഥാന സർക്കാരിന്റെ വാർഷിക പദ്ധതിയിൽ 2 കോടി രൂപ ചെലവിൽ പണിത പുതിയ ബ്ലോക്ക് ഏപ്രിൽ ഒന്നിനു വൈകിട്ട് 5 നു മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും. 2022–23 വാർഷിക പദ്ധതിയിൽ ന്യൂതന പദ്ധതിയിൽ ഉൾപ്പെടുത്തി 6.2 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച വാട്ടർ എടിഎമ്മിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. പൊതുജനങ്ങൾക്കുള്ള ശുദ്ധജല പദ്ധതിയാണിത്. 3 നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കുട്ടികളുടെ ഒപിയും ഗൈനക്കോളജി വിഭാഗം ഒപിയും പ്രവർത്തിക്കും.
ഒന്നാമത്തെ നിലയിൽ സ്ത്രീകളുടെ വാർഡാണ് പ്രവർത്തിക്കുക. രണ്ടാമത്തെ നില കുട്ടികളുടെ പ്രതിരോധ കുത്തി വയ്പ് കേന്ദ്രമാണ്. ഇവിടെ തന്നെ കോൺഫറൻസ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. 2010ൽ താലൂക്ക് ആശുപത്രിയാക്കി ഉയർത്തിയ ഈ സ്ഥാപനത്തിൽ സ്ത്രീരോഗ വിഭാഗവും അസ്ഥിരോഗ വിഭാഗവും സ്പെഷ്യൽറ്റി വിഭാഗങ്ങളായി പ്രവർത്തിക്കുന്നുണ്ട്. 3 ഷിഫ്റ്റുകളിലായി 42 പേർക്ക് ഡയാലിസിസ് സൗകര്യം ഉണ്ട്. ഓഡിയോമെട്രി സൗകര്യത്തോടെയുള്ള കേൾവി പരിശോധനാ കേന്ദ്രവും ഉണ്ട്.
എക്സ്റേ, ഐസിടിസി കൗൺസലിങ് സെന്റർ, സെക്കൻഡറി പാലിയേറ്റീവ് സംവിധാനം തുടങ്ങിയവയും ഉണ്ട്. രാത്രി 11 വരെ ഒപി സംവിധാനവും ഉണ്ടെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, മെഡിക്കൽ ഓഫിസർ ഡോ.വി.സുരേശൻ എന്നിവർ അറിയിച്ചു. കെട്ടിടോദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയുടെ തെക്കേ അതിരിലെ വിവിധ പഞ്ചായത്തുകളിലെ ആയിരക്കണക്കിനു ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്.
കവിതാലാപന മത്സരം ഏപ്രിൽ 17നും 18നും
കാസർകോട് ∙ എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായി പബ്ലിക് റിലേഷൻസ് വകുപ്പ് കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന കവിതാലാപന മത്സരം ഏപ്രിൽ 17ന് രാവിലെ 10നും സർക്കാർ ജീവനക്കാർക്കായുള്ള കവിതാലാപന മത്സരം 18ന് രാവിലെ 10നും കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫിസിലെ പിആർ ചേംമ്പറിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ prdcontest@gmail.com എന്ന മെയിലിൽ 15നകം റജിസ്റ്റർ ചെയ്യണം. 04994 255145.
വായ്പകൾ 31 വരെ തീർപ്പാക്കാം
കാസർകോട് ∙ കേരള സംസ്ഥാന പിന്നാക്ക വിഭാഗ കോർപറേഷനിൽ കാലാവധി കഴിഞ്ഞ വായ്പകളും റവന്യൂ റിക്കവറിക്കു വിധേയമായ വായ്പകളും 100% പിഴ പലിശ ഒഴിവാക്കി വായ്പ തീർപ്പാക്കാനുള്ള അവസരം 31ന് അവസാനിക്കും. 04994 227062, 9447730077.