ADVERTISEMENT

തൃക്കരിപ്പൂർ ∙ റെയിൽവേ ഗേറ്റിൽ അപകടമുണ്ടാക്കി ചരക്കുലോറി. ഗേറ്റ് പൊട്ടി റെയിൽവേ വൈദ്യുതലൈനിൽ വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ റോഡ് ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു തെക്കുവശം വെള്ളാപ്പ് ജംക്‌ഷൻ റെയിൽവേ ഗേറ്റിലാണു സംഭവം. വെള്ളാപ്പ് ഭാഗത്തു നിന്ന് ഉള്ളിയുമായി ടൗണിലേക്കു കയറിവന്ന ചരക്കു ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗേറ്റിന്റെ ആദ്യഭാഗം കടക്കുന്നതിനിടെ ലോറിയുടെ മുകളിൽ കൊളുത്തിയിരുന്ന പ്ലാസ്റ്റിക് കയർ ഗേറ്റ് നിയന്ത്രിക്കുന്ന ബാറിൽ ഉടക്കി. ലോറി മുന്നോട്ടു നീങ്ങുന്നതിനിടെ ബാർ വലിഞ്ഞു മുറുകുകയും റെയിൽവേ വൈദ്യുതി ലൈനിലേക്കു മറിഞ്ഞു വീഴുകയും ചെയ്തു.

kasargod-railway-gat-bar
തൃക്കരിപ്പൂർ വെള്ളാപ്പ് റെയിൽവേ ഗേറ്റിൽ ലോറിക്കു മുകളിൽ കുരുക്ക് മുറുകി മുറിഞ്ഞ ഗേറ്റ് ബാർ.

ഇതോടെ വൈദ്യുതി ലൈനും മുറിഞ്ഞു. ബാറും ലൈനും മുറിഞ്ഞതിന്റെ ഒച്ചയും ലൈനിലെ സ്പാർക്കും ഉയർന്നതോടെയാണ് അപകടമറിഞ്ഞത്. മംഗളൂരു ഭാഗത്തേക്കുള്ള വൈദ്യുത ലൈനാണു മുറിഞ്ഞത്. അപകടം സംഭവിച്ചതിനെ തുടർന്നു ടൗണിൽ നിന്നു തീരമേഖലയിലേക്കുള്ള റോഡ് ഗതാഗതം ഉച്ച മുതൽ വൈകിട്ടു വരെ മണിക്കൂറിലധികം മുടങ്ങി. ബീരിച്ചേരി വഴി തീരമേഖലയിലേക്കുള്ള വാഹനങ്ങൾ തിരിച്ചു വിട്ടു. ഗേറ്റ് പൊട്ടി വീഴുന്നതിനിടെ ലോറിക്കു തൊട്ടു പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരൻ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു.

kasargod-railway
തൃക്കരിപ്പൂർ വെള്ളാപ്പ് റെയിൽവേ ഗേറ്റിലെ അപകടത്തിൽ വിച്ഛേദിക്കപ്പെട്ട റെയിൽവേ വൈദ്യുതലൈൻ ജീവനക്കാർ പുനഃസ്ഥാപിക്കുന്നു.

സ്ഥലത്തെത്തിയ റെയിൽവേ മെക്കാനിക്കൽ–എൻജിനീയറിങ്–വൈദ്യുതി വിഭാഗം ജീവനക്കാർ തകർന്ന ഗേറ്റിൽ റിപ്പേറിങ് പ്രവൃത്തി നടത്തി. മുറിഞ്ഞ വൈദ്യുതി ലൈൻ കൂട്ടിച്ചേർക്കുകയും ചെയ്തു.മണിക്കൂർ നീണ്ട റിപ്പേറിങ് പ്രവൃത്തിയാണു നടന്നതെങ്കിലും തത്സമയം മംഗളൂരു പാതയിൽ ട്രെയിനുകൾ ഇല്ലാത്തതിനാൽ പിടിച്ചിടേണ്ടി വന്നില്ല. പാതയിൽ അത്യാവശ്യം ക്രമീകരണം നടപ്പാക്കി.  അതേസമയം റോഡ് ഗതാഗതം സ്തംഭിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. പൂർവനിലയിലാക്കാൻ മണിക്കൂറുകൾ വേണ്ടി വന്നു. അപകടത്തിൽപ്പെട്ട ലോറി ചന്തേര പൊലീസെത്തി സ്റ്റേഷനിലേക്കു മാറ്റി.

കുരുക്കുണ്ടാക്കുന്നത് പഴക്കമേറിയ റെയിൽവേ ഗേറ്റുകൾ

പഴക്കമേറിയതും വലിച്ചു കെട്ടിയതുമായ റെയിൽവേ ഗേറ്റുകൾ ഇടയ്ക്കിടെ അപകടത്തിനിടയാക്കുമ്പോഴും ആവശ്യമായ നവീകരണം നടത്തുന്നതിൽ റെയിൽവേ കാട്ടുന്ന നിഷ്ക്രിയത്വം പലപ്പോഴും പ്രതിസന്ധിയിലാക്കുന്നത് റോഡ് യാത്രക്കാരെ. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനു ചുറ്റുവട്ടത്ത് മാത്രമായി 5 റെയിൽവേ ഗേറ്റുകളുണ്ട്. ഇതിൽ ബീരിച്ചേരി, വെള്ളാപ്പ് ജംക്‌ഷൻ, ഉദിനൂർ, രാമവില്യം എന്നീ ഗേറ്റുകൾ പലപ്പോഴും പണിമുടക്കും. ട്രെയിൻ കടന്നു പോകുന്നതിനായി അടച്ചിടുന്ന ഗേറ്റിലെ നിയന്ത്രണ ബാറാണ് അപായമുണ്ടാക്കുന്നതിൽ മുന്നിൽ. കാലപ്പഴക്കം മൂലം ഒടിഞ്ഞു തൂങ്ങി വീഴുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഗേറ്റ് പൂർണനിലയിൽ ഉയരാത്തത് അപകടത്തിനു കാരണമാണ്. ഇന്നലത്തെ അപായ കാരണവും ഇതിലൊന്നാണ്. 

കാലപ്പഴക്കമാണ് ഗേറ്റ് പൂർണനിലയിൽ ഉയരുന്നതിനു തടസ്സം. അപായം വരുത്തുന്ന റെയിൽവേ ഗേറ്റുകളിൽ ആവശ്യമായ ഉപകരണം മാറ്റി സ്ഥാപിക്കണമെന്നു വാഹന ഉടമകളും ഡ്രൈവർമാരും യാത്രക്കാരും ആവശ്യം ഉന്നയിക്കാറുണ്ട്. നവീകരണം ഇല്ലാത്തതു മൂലം റെയിൽവേ ഗേറ്റുകൾ ഒടിഞ്ഞു വീഴുന്നതും ഇതിനായി പരിഹാരം നിർദേശിച്ചും മലയാള മനോരമ ഒന്നിലേറെ തവണ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com