കയ്യൂർ∙ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ അദേഹത്തിന് ശക്തമായ പിന്തുണയുമായി സിപിഎം മുന്നോട്ട് വന്നത് വ്യക്തിപരമായി അദേഹത്തിന് പിന്തുണ നൽകി കൊണ്ടല്ലെന്നും മറിച്ച് ജനാധിപത്യത്തെ അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു.കയ്യൂർ രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.ജനാധിപത്യത്തിന്റെ നട്ടെല്ല് തകർക്കുന്ന രാജാവായി മാറിയിരിക്കുകയാണ് നരേന്ദ്ര മോദി. അദാനിയെയും അംബാനിയെയും വളർത്തിയ ഈ രാജാവ് അവർ അടിച്ച് കൊണ്ട് പോയ കോടി കണക്കിന് രൂപയുടെ കണക്ക് പറയാൻ ബാധ്യസ്ഥനാണ്.
ബിജെപിക്ക് ബദലാവാൻ കമ്യുണിസ്റ്റ് പാർട്ടി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്ക് കഴിയും. അതിനായി വേണ്ടത് ഐക്യമാണ് അത് കാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിപിഐ നേതാവ് സി.എൻ ചന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, പി.കരുണാകരൻ, കെ.പി സതിഷ് ചന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി സി.പി ബാബു, പി.എ നായർ, കെ.സുധാകരൻ, വി.കെ രാജൻ, കെ.പി വത്സലൻ, സി.ജെ സജിത്ത്, കെ.രാധാകൃഷ്ണൻ , കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ചായ്യോത്ത് നിന്നും കയ്യൂരിൽ നിന്നും സമ്മേളന നഗരിയിലേക്ക് റാലി നടന്നു. കെ.രാജൻ, പാറക്കോൽ രാജൻ, പി. ജനാർദനൻ, എം.രാജീവൻ എന്നിവർ നേതൃത്വം നൽകി.