ADVERTISEMENT

കാസർകോട്∙ നാഗർകോവിൽ– മംഗളൂരു ഏറനാട് എക്സ്പ്രസ് ജില്ലയിലെ യാത്രക്കാർക്ക്, സമയം കൊല്ലി ട്രെയിൻ ആയി മാറുന്നു. കണ്ണൂർ മുതൽ മംഗളൂരു വരെ ട്രെയിൻ വൈകി ഓടുന്നതാണ് സ്ഥിതി. പല സ്റ്റേഷനുകളിലും 15 മിനിറ്റ് വരെ തങ്ങിയാണ് ഓട്ടം.

കണ്ണൂരിൽ നിന്ന് കാസർകോടെത്തിയത് 50 മിനിറ്റ് വൈകി

ചൊവ്വാഴ്ച 2 മിനിറ്റ് വൈകി 2.14നാണ് ഏറനാട് എക്സ്പ്രസ് കണ്ണൂരിൽ എത്തിയത്. ഇവിടെ നിന്ന് പുറപ്പെട്ടത് 2.18ന്. വളപട്ടണം 2.24 നു എത്തേണ്ടതായിരുന്നു. 6 മിനിറ്റ് വൈകി. പയ്യന്നൂരിൽ 2.49ആണ് എത്തേണ്ട സമയം. എത്തിയത് ആകട്ടെ 28 മിനിറ്റ് വൈകി 3.17 ന്. ഇവിടെ നിന്നു 3.20 നു പുറപ്പെട്ട ട്രെയിൻ ചെറുവത്തൂരിൽ 3.38 നു എത്തി. ടൈംടേബിൾ പ്രകാരം 34 മിനിറ്റ് വൈകി. 9 മിനിറ്റ് തങ്ങിയാണ് ചെറുവത്തൂരിൽ നിന്നു യാത്ര പുനരാരംഭിച്ചത്. നീലേശ്വരത്ത് 3.14ന് എത്തുന്നതിനു പകരം 3.59 ആയി. നിശ്ചിത സമയത്തിലും 50 മിനിറ്റ് വൈകിയാണ് കാസർകോട് എത്തിയത്.

കാസർകോട് നിന്ന് മംഗളൂരുവിലേക്ക് ഒന്നര മണിക്കൂ‍ർ

3.44ന് കാസർകോട് എത്തേണ്ടിയിരുന്ന ട്രെയിൻ ഇവിടെ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ടത് 4.35ന്. ട്രെയിൻ മംഗളൂരുവിൽ എത്തിയത് 5.30ന്. കാസർകോട് നിർത്തിയിട്ട സമയം ഉൾപ്പെടെ മംഗളൂരു എത്താൻ ആകെ എടുത്തത് ഒന്നര മണിക്കൂർ.കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളിലാണ് കാസർകോടിനും മംഗളൂരുവിനും മധ്യേ ഈ ട്രെയിനിന് സ്റ്റോപ്പുള്ളത് കാസർകോട് –മംഗളൂരു 45 കിലോമീറ്റ‍ർ ദൂരമേ ഉള്ളുവെങ്കിലും സമയ വിവര പട്ടികയിൽ ട്രെയിൻ മംഗളൂരു എത്തുന്ന സമയം കുറിച്ചിട്ടുള്ളത് വൈകിട്ട് 6 ആണ്. അതനുസരിച്ച് മംഗളൂരുവിൽ എത്തുന്ന സമയ ദൈർഘ്യം 2.15 മണിക്കൂർ ആണ്.

അര മണിക്കൂർ കൊണ്ട് എത്താവുന്ന ദൂരമാണെങ്കിലും രണ്ടേകാൽ മണിക്കൂർ സമയം വേണം ഈ ദൂരം ട്രെയിൻ ഓടിയെത്താനെന്ന റെയിൽവേയുടെ കണക്ക് കണ്ടാൽ യാത്രക്കാർക്കു മാത്രമല്ല അധികൃതർക്കു പോലും അദ്ഭുതം. യാത്രക്കാരെ അതിലും നേരത്തെ എത്തിച്ചല്ലോ എന്നാണ് റെയിൽവേയുടെ മറുപടി.

ഇത്രയും ദുരിതം ഏറനാട് എക്സ്പ്രസിൽ മാത്രം

ഏറനാട് എക്സ്പ്രസ്സിലെ കണ്ണൂർ– മംഗളൂരു യാത്ര ലോക്കൽ ട്രെയിനിനെ വെല്ലും ദുരിതമാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്.കോയമ്പത്തൂർ –മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ളവ കൃത്യ സമയത്തു ഓടുന്നുണ്ട്.ഇന്റർ സിറ്റി കഴിഞ്ഞാൽ ഏറനാട് എക്സ്പ്രസ് ആണ് കണ്ണൂരിൽ നിന്നു മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിൻ. പലപ്പോഴും വൈകിയെത്താറുള്ള ഏറനാട് എക്സ്പ്രസ് യാത്രക്കാർക്കു നീണ്ട കാത്തിരിപ്പുള്ള ട്രെയിൻ ആയി മാറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com