കാഞ്ഞങ്ങാട് ∙ ബേക്കൽ–കോവളം ദേശീയ ജലപാത പദ്ധതിയുടെ ഭാഗമായി കോട്ടക്കടവിൽ പഴയ തൂക്കുപാലത്തിന് പകരം ഇരുമ്പ് പാലം നിർമിക്കുന്നതിന്റെ പണികൾ തുടങ്ങി. പഴയ പാലം ഇന്നു മുതൽ പൊളിച്ചു തുടങ്ങും. ഒരാഴ്ച മുൻപ് തുടങ്ങിയ ബണ്ട് നിർമാണം രണ്ട് ദിവസം കൊണ്ട് പൂർത്തിയാകും. കാലവർഷം വരും മുൻപ് പണി തീർക്കുകയാണ് ലക്ഷ്യം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ ബണ്ടിന് അടിയിൽ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. 2006ൽ തൂക്കുപാലം ഉദ്ഘാടനം ചെയ്തത്.
ജലപാതയുടെ ഭാഗമായി നമ്പ്യാർക്കൽ ഭാഗത്ത് 370 മീറ്ററിൽ പുതിയ പാലവും നിർമിക്കുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ അരയി പാലവും പൊളിച്ച് പണിയും. അജാനൂർ, ബല്ല, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട് വില്ലേജുകളിലൂടെ ആണ് കനാൽ കടന്ന് പോകുക. വിനോദ സഞ്ചാരം ലക്ഷ്യമിട്ട് ജലപാതയുടെ സമാന്തരമായി റോഡും പണിയും. കാരാട്ടുവയൽ, നെല്ലിക്കാട്ട്, അതിയാമ്പൂർ, വെള്ളായിപ്പാലം തുടങ്ങിയ റോഡുകളെ ജലപാത മുറിച്ച് കടക്കും. 1.40 കോടി രൂപയാണ് നിർമാണ ചെലവ്.