ADVERTISEMENT

നീർച്ചാൽ ∙ കിളിങ്കാർ, അന്നപള്ളടുക്ക, ബാലഗിരി എന്നിവിടങ്ങളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം. വോൾട്ടേജില്ലാത്തതിനാൽ കിളിങ്കാർ ട്രാൻസ്ഫോമർ പരിധിയിലെ നൂറോളം ഉപയോക്താക്കളാണ് ദുരിതത്തിലായത്. 10 വർഷത്തോളമായി വോൾട്ടേജ് ക്ഷാമമുള്ള ഇവിടെ 50 വർഷം പഴക്കമുള്ള ട്രാൻസ്ഫോമറാണുള്ളത്. കിളിങ്കാർ സ്കൂൾ പരിസരത്ത് പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ അവഗണിക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. ഇവിടെയുള്ള 20 വീട്ടുകാർക്കു ജലസേചന പദ്ധതിയിൽ നിന്നുള്ള ജലവിതരണവും വോൾട്ടേജില്ലാത്തതിനാൽ നടക്കുന്നില്ല.

കാർഷിക വിളകൾക്കും ജലസേചനം നടത്താനാകുന്നില്ല. വീട്ടാവശ്യത്തിനുള്ള വെള്ളം കുഴൽക്കിണറിൽനിന്ന് എടുക്കാനാകുന്നില്ല. അർധരാത്രിവരെ കാത്തിരുന്നാണ് മോട്ടർ പ്രവർത്തിപ്പിക്കുന്നത്. മഴയത്ത് വൈദ്യുതി നിലച്ചാൽ ഒരു ദിവസം കഴി‍ഞ്ഞാണ് പുനഃസ്ഥാപിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒട്ടേറെ കർഷകരുള്ള പ്രദേശമാണിത്. കിളിങ്കാറിലെ എൽപി സ്കൂൾ, അങ്കണവാടി എന്നിവയുടെ പ്രവർത്തനത്തെയും വോൾട്ടേജ് ക്ഷാമം ബാധിക്കുന്നു.

നീലേശ്വരം നഗരത്തിൽ വൈദ്യുതിമുടക്കം പതിവ്: പരിഹാരമില്ലെങ്കിൽ ജനകീയ ഉപരോധം

നീലേശ്വരം ∙ നഗരത്തിലും നഗരപ്രാന്തങ്ങളിലും രാത്രികാലത്ത് ആവർത്തിക്കുന്ന വൈദ്യുതി മുടക്കത്തിൽ വല‍ഞ്ഞ് പ്രദേശവാസികൾ. എന്നാൽ ഇതിനു കാരണമെന്താണെന്ന അന്വേഷണത്തിന് കെഎസ്ഇബി നീലേശ്വരം ഇലക്ട്രിക്കൽ സെക്ഷൻ  അധികൃതർക്കും കൃത്യമായ മറുപടിയില്ല. കഴിഞ്ഞ നഗരസഭാ ഭരണ സമിതിയുടെ കാലത്ത് നഗരത്തിലെ വൈദ്യുതി മുടക്കം പരിഹരിക്കാൻ വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി കെഎസ്ഇബി പദ്ധതികൾക്കു രൂപം നൽകിയിരുന്നു എങ്കിലും പ്രശ്നങ്ങൾ ഇപ്പോഴും അതേപടി നിലനിൽക്കുകയാണ്. നഗരത്തിലെ ലോഡ് കൂടിയതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.  ഇതിനായി പൊലീസ് സ്റ്റേഷൻ  സമീപത്ത് ഒരു പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നീലേശ്വരം ഇലക്ട്രിക്കൽ സെക​ഷൻ അധികൃതർ പറയുന്നു.

ചൂടുകാലം തുടങ്ങിയതു മുതൽ കഴിഞ്ഞ ഒരു മാസമായി കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് നിലനിൽക്കുന്ന ടൗൺ വാർഡിൽ വൈദ്യുതി മുക്കം പതിവാണെന്നു ടൗൺ വാർഡ് കൗൺസിലർ ഇ.ഷജീർ ചൂണ്ടിക്കാട്ടി.വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൃത്രിമ ഓക്സിജൻ നൽകി ജീവൻ നിലനിർത്തുന്നവർ പോലും വാർഡിൽ ഉണ്ട്.ഏറെ നേര നീളുന്ന വൈദ്യുതി മുടക്കത്തിൽ ഇവരെപ്പോലുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങൾ‌ ചില്ലറയല്ല.പ്രശ്നപരിഹാരമില്ലെങ്കിൽ വാർഡിലെ ജനങ്ങളെ അണിനിരത്തി  കെഎസ്ഇബി ഓഫിസ് ഉപരോധിക്കുമെന്നും ഷജീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com