ഉത്തർപ്രദേശ് സ്വദേശിനി പെൺകുട്ടിക്ക് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ്
Mail This Article
ചിറ്റാരിക്കാൽ ∙ എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം നേടി ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ പെൺകുട്ടി. തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സാധന രാംകുവറാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി നാടിന്റെ അഭിമാനമായത്.
ഉത്തർപ്രദേശിലെ സലഹബാദിൽനിന്നും 15 വർഷം മുൻപാണ് ഇവരുടെ കുടുംബം ചിറ്റാരിക്കാലിലെത്തിയത്. അച്ഛൻ രാംകുവർ പെയിന്റിങ് തൊഴിലാളിയാണ്. അമ്മ ഷോബ കൂലിപ്പണിക്കാരിയും. കാര കോളനിയിലെ 4 സെന്റ് ഭൂമിയിൽ കൂരവച്ചു താമസിച്ചു തുടങ്ങിയതോടെയാണ് ഇവർ കേരളത്തിന്റെ മക്കളായത്.
തോമാപുരം സ്കൂളിലെ ഇംഗ്ലിഷ് മീഡിയം സിലബസിലാണ് സാധന പഠിച്ചത്. ഹിന്ദി സാഹിത്യ മത്സരങ്ങളിലും സാധന ജില്ലാ തലത്തിൽ വിജയിച്ചിട്ടുണ്ട്. 4 പെൺകുട്ടികളുള്ള ഇവരുടെ കുടുംബത്തിലെ മൂത്തയാൾ വന്ദന ബെംഗളൂരുവിൽ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനിയാണ്. ഇളയ മക്കളായ ആരാധനയും അമിഗയും തോമാപുരം സ്കൂളിൽ 10, 7 ക്ലാസുകളിൽ പഠിക്കുകയാണ്.
മലയാളത്തോട് ഏറെ താൽപര്യമുള്ള ഈ കുട്ടികളെല്ലാം പഠനത്തിൽ മിടുക്കികളാണ്. തോമാപുരം സ്കൂളിൽത്തന്നെ പ്ലസ് ടു കോഴ്സിനു ചേർന്നു പഠിക്കാനും ഭാവിയിൽ ഡോക്ടറാകണമെന്നുമാണ് ഈ പെൺകുട്ടിയുടെ ആഗ്രഹം.