ഇരിയണ്ണി∙ ഇരിയണ്ണി പുതിയവളപ്പിൽ റോഡരികിലെ സുരക്ഷാവേലി ഇല്ലാത്ത ട്രാൻസ്ഫോമർ അപകട ഭീഷണിയാകുന്നു. ചെറിയ കുട്ടികൾക്കു പോലും തൊടാൻ പറ്റുന്ന രീതിയിൽ താഴ്ത്തിയാണ് ഫ്യൂസുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ചിലതു പണിയെടുക്കാനായി ഊരിയിട്ടിരിക്കുകയുമാണ്. ബോവിക്കാനം-കുറ്റിക്കോൽ റോഡിനോടു ചേർന്നാണ് ട്രാൻസ്ഫോർമറുള്ളത്.
റോഡിൽ നിന്നു നിശ്ചിത അകലം പോലും പാലിക്കാതെയാണ് ഇതുള്ളതെന്നു വ്യക്തം. ബസ് സ്റ്റോപ് കൂടിയാണിത്. യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതു ട്രാൻസ്ഫോർമറിന്റെ അടുത്താണ്. കുട്ടികൾ കളിക്കാനും മറ്റും പോകുന്ന വഴി കൂടിയാണിത്. എന്നിട്ടും ഒരു സുരക്ഷാ മാനദണ്ഡവും ബാധകമാകാത്ത രീതിയിലാണ് ഇതു സ്ഥാപിച്ചത്. ഒരു വർഷത്തിലേറെയായി ഇതേ സ്ഥിതിയാണ്. പലതവണ നാട്ടുകാർ കെഎസ്ഇബിക്കു പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് അവർ പറയുന്നു. മഴക്കാലത്തും ഈ സ്ഥിതി തുടർന്നാൽ അപകടം വിളിപ്പാടകലെയാണെന്ന് ഇവർ ആശങ്കപ്പെടുന്നു. സമീപ പ്രദേശങ്ങളിൽ നിന്ന് ഇരിയണ്ണി സ്കൂളിലേക്കുള്ള കുട്ടികൾ നടന്നുപോകുന്നതും ഇതിലൂടെയാണ്.