ADVERTISEMENT

കാഞ്ഞങ്ങാട് ∙ നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. സംസ്കരണ കേന്ദ്രത്തിന്റെ കിഴക്കു-തെക്കേ അറ്റത്തെ ലെഗസി (വർഷങ്ങളായി സംസ്കരിക്കാതെ കൂട്ടിയിട്ട) മാലിന്യക്കൂനയിലാണ് തീപിടിച്ചത്. സംസ്കരണ കേന്ദ്രത്തിന്റെ തെക്കുഭാഗത്ത് സ്വകാര്യ വ്യക്തി തന്റെ പറമ്പിൽ തീയിട്ടിരുന്നു.

ഇതിൽ നിന്നാകാം തീ പകർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയ്ക്ക് 12.15ന് ആണ് തീപടർന്നത്. സമീപവാസികൾ വിവരം ആദ്യം പൊലീസിലും പിന്നീട് അഗ്നിരക്ഷാസേനയെയും അറിയിച്ചു. കാഞ്ഞങ്ങാട് നിലയത്തിലെ വാഹനം മറ്റൊരിടത്ത് തീ അണയ്ക്കാൻ പോയതിനാൽ തൃക്കരിപ്പൂരിൽ നിന്നു ഫയർ‍ എൻജിൻ വരുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. ഇത് തീ കൂടുതൽ പടരാൻ കാരണമായി. തീപിടിത്തത്തെ തുടർന്ന് 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വൈകിട്ട് ഏഴോടെ തീ നിയന്ത്രണ വിധേയമാക്കി ഫയർ എൻജിനുകൾ മടങ്ങി.

വിനയായത് പറമ്പിൽ തീയിട്ടത് ?

സംസ്കരണ കേന്ദ്രത്തിന് സമീപത്ത് സ്വകാര്യ വ്യക്തി ഉച്ചയോടെ തീയിട്ടിരുന്നു. ഇത് ഇവർ നഗരസഭാ അധികൃതരോട് സമ്മതിക്കുകയും ചെയ്തു. ഇതിൽ നിന്ന് മാലിന്യക്കൂനയിലേക്ക് തീ പടർന്നതാകാം എന്നാണ് നിഗമനം.തീയും പുകയും കണ്ട് സമീപവാസികളാണ് ആദ്യം സ്ഥലത്ത് എത്തിയത്. ഇവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വെള്ളം അടക്കം ഇവിടെ ഇല്ലാതിരുന്നത് വിനയായി. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്താൻ ഒരു മണിക്കൂർ വൈകിയെന്ന് നാട്ടുകാർ പറഞ്ഞു. കുഴൽ കിണർ ഉണ്ടായിരുന്നെങ്കിലും വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ ആരോപിച്ചു.

തീപടർന്നതെന്ന് സംശയിക്കുന്ന സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലം.

നഗരസഭാധ്യക്ഷ കെ.വി.സുജാത ഇടപെട്ട് ദേശീയപാത നിർമാണ കമ്പനിയായ മേഘയോട് വെള്ളം എത്തിക്കാൻ സഹായം ആവശ്യപ്പെട്ടു. ഇവർ എത്തി വെള്ളം അടിച്ചെങ്കിലും തീ അണയ്ക്കാൻ കഴിഞ്ഞില്ല. ഈ സമയത്തിനുള്ളിൽ തൃക്കരിപ്പൂരിൽ നിന്നു ഫയർ എൻജിൻ എത്തി തീ അണയ്ക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. സംസ്കരണ കേന്ദ്രത്തിൽ 10 ഫയർ എക്സിൻഗ്യൂഷർ ഉണ്ടായിരുന്നു.  ഇവ ഉപയോഗിച്ച് നാട്ടുകാരും സിവിൽ ഡിഫൻസ് അംഗങ്ങളും തീ കെടുത്താൻ നോക്കി. തരംതിരിച്ച പുതിയ മാലിന്യ ശേഖരത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. 

മാലിന്യക്കൂനയിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസും.

കാഞ്ഞങ്ങാട് ഫയർ എൻജിൻ വൈകിയത് വിനയായി

സംസ്കരണ കേന്ദ്രത്തിൽ തീ പടർന്നപ്പോൾ ആദ്യം വിവരം പോയത് കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയ്ക്കായിരുന്നു. എന്നാൽ സേനയുടെ ഫയർ എൻജിൻ ഈ സമയം മടിക്കൈ എരിക്കുളത്ത് തീ അണയ്ക്കാൻ പോയിരുന്നു. ഇതിനെ തുടർന്നാണ് തൃക്കരിപ്പൂരിൽ നിന്നു ഫയർ എൻജിൻ വരുത്തേണ്ടി വന്നത്. ഇത് കാലതാമസത്തിനും ഇടയാക്കി. അഗ്നിരക്ഷാ നിലയത്തിൽ ജീവനക്കാരുടെ ക്ഷാമവും പ്രതിസന്ധിയായി. 7 ഡ്രൈവർമാർ വേണ്ടിടത്ത് 3 പേർ മാത്രമാണ് ഉള്ളത്. ഇന്നലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രവും. ഇത് വാഹനം ഉണ്ടായിട്ടും സംഭവ സ്ഥലത്ത് എത്തിച്ചേരാൻ അഗ്നിരക്ഷാ സേനയ്ക്ക് കഴിയാത്തതിന് കാരണമായി.

മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിച്ചത് അറിഞ്ഞെത്തിയ നാട്ടുകാർ.

മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഒഴിവാക്കുന്നതിന് എറണാകുളത്തെ കമ്പനിക്ക് ടെൻഡർ നടപടി പൂർത്തിയാക്കിയതാണ്. ശുചിത്വ മിഷന്റെ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞു മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് തടസ്സപ്പെട്ടു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഉണ്ടായ തീപിടുത്തം അബദ്ധത്തിൽ സംഭവിക്കാൻ ഇടയില്ല. ആയതിനാൽ സമഗ്രമായ ഒരു അന്വേഷണം നടത്തണം. ∙ കെ.കെ.ജാഫർ (യുഡിഎഫ് പാർലമെന്റ് പാർട്ടി ലീഡർ)

12.20ന് ആണ് ഞാൻ സംസ്കരണ കേന്ദ്രത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ തന്നെ അയൽവാസിയെയും കൂട്ടി സ്ഥലത്തെത്തി. മറ്റൊരാളുടെ ഫോണിൽ നിന്നു തീപിടിച്ച വിവരം പൊലീസിനെ അറിയിച്ചു.∙ പി.നാരായണൻ (നാട്ടുകാരൻ)

തീ കെടുത്താൻ ഉപയോഗിച്ചത് 55,000 ലീറ്റർ വെള്ളം

കാഞ്ഞങ്ങാട് 2, തൃക്കരിപ്പൂർ 2‍, കാസർകോട് 1 എന്നിങ്ങനെ ഫയർ എൻജിൻ എത്തിയാണ് തീ അണച്ചത്. 55,000 ലീറ്റർ വെള്ളമാണ് തീ നിയന്ത്രണ വിധേയമാക്കാൻ ഉപയോഗിച്ചത്. മണ്ണുമാന്തിയുടെ സഹായത്തോടെ മാലിന്യം നീക്കിയാണ് തീ അണച്ചത്. പടന്നക്കാട് ബേക്കൽ ക്ലബ് പരിസരത്ത് നിന്നാണ് ഫയർ എൻജിനുകൾ വെള്ളം ശേഖരിച്ചത്. അഗ്നിരക്ഷാ സേനയ്ക്കൊപ്പം സിവിൽ ഡിഫൻസും നാട്ടുകാരും തീ അണയ്ക്കാൻ ഒത്തൊരുമിച്ചു നിന്നു. 

പ്രതിഷേധവുമായി നാട്ടുകാർ

മാലിന്യക്കൂനയ്ക്ക് തീപടർന്നതോടെ നാട്ടുകാരും പ്രതിഷേധിച്ചു. കേന്ദ്രത്തിൽ തീ അണയ്ക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഇല്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇത് ചെറിയവാക്കേറ്റത്തിനും കാരണമായി. പൊലീസ് ഇടപെട്ടാണ് സംഘർഷ സാധ്യത ഒഴിവാക്കിയത്. അതേ സമയം ഞായറാഴ്ച ആയതിനാൽ ജീവനക്കാർ അവധിയിൽ ആയിരുന്നുവെന്നും ഫയർഎക്സിംഗൂസ്റ്റർ അടക്കം കേന്ദ്രത്തിൽ ഉണ്ടായിരുന്നുവെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.  മാലിന്യക്കൂനയ്ക്ക് തീപിടിച്ചത് അറിഞ്ഞ് ഇ.ചന്ദ്രശേഖരൻ എംഎൽഎ‍, നഗരസഭാധ്യക്ഷ കെ.വി.സുജാത, കൗൺസിലർമാർ, സബ് കലക്ടർ സൂഫിയാൻ അഹമ്മജ്, തഹസിർദാർ എൻ.മണിരാജ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ  സ്ഥലത്തെത്തി. നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടി. അതേ സമയം നഗരസഭ സെക്രട്ടറി സംഭവ സ്ഥലത്ത് എത്താത്തതും ചർച്ചയായി. 

കത്തിയത് വർഷങ്ങൾ പഴക്കമുള്ള മാലിന്യം

വർഷങ്ങൾ പഴക്കമുള്ള മാലിന്യങ്ങളാണ് കത്തിയതെന്ന് നഗരസഭാധ്യക്ഷ കെ.വി.സുജാത പറഞ്ഞു. ഈ മാലിന്യം നീക്കാൻ ആദ്യം നഗരസഭ കരാർ നൽകിയിരുന്നു. 50 ലക്ഷം രൂപയാണ് അന്ന് കൗൺസിൽ അനുവദിച്ചത്. എന്നാൽബയോ മൈനിങ് നടത്തി ടോട്ടൽ സ്റ്റേഷൻ സർവേ നടത്തി ക്യൂബിക് കണക്കുകൾ തയാറാക്കിയ ശേഷമേ കരാർ നൽകാവൂ എന്ന് സർക്കാർ നിർദേശം വന്നു. ഇതോടെ അനുവദിച്ച തുക ഉപയോഗിക്കാൻ കഴിയാതെ വന്നു. ഇപ്പോൾ ബയോ മൈനിങ് നടത്തി ക്യൂബിക് മീറ്റർ കണക്കാക്കി കഴിഞ്ഞു. 4300 എം ക്യൂബ് പഴയ മാലിന്യമാണ് ഇവിടെയുള്ളത്. ഇതിന് 55 ലക്ഷം രൂപ ചെലവ് വരും. ഇനി കരാർ നടപടികൾ പൂർത്തിയാക്കി മാത്രമേ മാലിന്യം സംസ്കരിക്കാൻ കഴിയൂ.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

ചെമ്മട്ടംവയൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീ പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ സമീപവാസികളായ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസ് അറിയിച്ചു. ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ, പ്രായമായവർ, കുട്ടികൾ എന്നിവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അസ്വസ്ഥത അനുഭവപ്പെടുന്നവർ ജില്ലാ ആശുപത്രിയിലോ അടുത്തുള്ള മറ്റ് ആശുപത്രികളിലോ ചികിത്സ തേടണമെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ സംവിധാനവും ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നു.

രക്ഷാപ്രവർത്തനത്തിൽ ഇവർ

തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫിസർ ശ്രീനാഥ്, കാഞ്ഞങ്ങാട് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സതീശൻ, സിവിൽ ഡിഫൻസ് ജില്ലാ വാർഡൻ പ്രദീപ് കുമാർ, പോസ്റ്റ് വാർഡൻ കിരൺ, സിവിൽ ഡിഫൻസ് അംഗങ്ങളായ അബ്ദുൽ സലാം, മനോജ്, രതീഷ്, എച്ച്.കിരൺ കുമാർ, എച്ച്.അരുൺ കുമാർ, എം.എ.ഷാജി, എ.ശരത്, ആർ.സുധീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

കത്തിയത് 4300 മീറ്റർ ‍ക്യൂബ് മാലിന്യം

4300 മീറ്റർ ക്യൂബ് മാലിന്യമാണ് തീപിടിത്തത്തിൽ കത്തിയത്. മണിക്കൂറുകൾ നീണ്ട‍ പരിശ്രമത്തിന് ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. വൈകിയും മാലിന്യത്തിൽ നിന്നു പുക ഉയരുന്നുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com