ADVERTISEMENT

കാസർകോട് ∙ ഗുരുവായൂരിൽ നിന്നും തൃശൂരിൽ നിന്നും മലയോര മേഖലയിലൂടെ കാസർകോട്ടേക്ക് തുടങ്ങിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസുകൾ ആഴ്ചകൾക്കുള്ളിൽ നിർത്തലാക്കി. ‌ഗുരുവായൂരിൽ നിന്നു തുടങ്ങിയ രണ്ടു സർവീസുകളും തൃശൂരിൽ നിന്നു തുടങ്ങിയ ഒരു സർവീസുമാണ് നിർത്തിയത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലയോര മേഖലയിലൂടെ ഈ മാസം ആദ്യം പുതിയ സർവീസുകൾ ആരംഭിച്ചത്. എന്നാൽ കാര്യമായ പഠനം നടത്താതെയും ആലോചനയില്ലാതെയും ആരംഭിച്ച ബസുകൾക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെന്നു മാത്രമല്ല വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

ഗുരുവായൂർ, പൊന്നാനി,തിരൂർ,കോഴിക്കോട്, ഉള്ള്യേരി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൂത്തുപറമ്പ്, മട്ടന്നൂർ, ഇരിട്ടി, പയ്യാവൂർ, ചെമ്പേരി, ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കാൽ,വെള്ളരിക്കുണ്ട്, മുള്ളേരിയ, കാസർകോട് എന്നിങ്ങനെയായിരുന്നു ഇതിന്റെ റൂട്ട് നിശ്ചയിച്ചത്.ദേശീയപാതയിലേതിനാക്കാൾ ദൂരവും സമയവും കൂടുതൽ എടുക്കുന്നതിനാൽ ദീർഘദൂര യാത്രക്കാർക്കിടയിൽ ഈ ബസുകൾക്ക് സ്വീകാര്യത ലഭിച്ചില്ല.

പുലർ‌ച്ചെ 6 ന് ഗുരുവായൂരിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു 2.15 ന് കാസർകോട്ട് എത്തുന്നതായിരുന്നു ആദ്യത്തെ സർവീസ്. എന്നാൽ കാസർകോട് ഇത് എത്തുന്നതാകട്ടെ വൈകിട്ട് അഞ്ചിനും. മലയോരത്തെ റോ‍ഡുകൾ പലതും തകർന്നതിനാൽ സമയകൃത്യത പാലിക്കാനും സാധിച്ചില്ല. കോഴിക്കോട് നിന്ന് ദേശീയപാതയിലൂടെ കാസർകോട് എത്തുന്നതിനേക്കാൾ ഇരട്ടി സമയമാണ്  വേണ്ടി വന്നത്. ഇതോടെ യാത്രക്കാർ കുറ‍ഞ്ഞു. ശരാശരി 30000 രൂപ വരുമാനം പ്രതീക്ഷിച്ച ബസുകൾക്ക് 10000 രൂപയോളമാണ് കളക്‌ഷൻ ലഭിച്ചത്. നാലു ദിവസമായി ബസുകൾ ഓടുന്നില്ല

തൃശൂരിലേക്കു  പുതിയ ബസ്

കാസർകോട് നിന്ന് തൃശൂരിലേക്കു പുതിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇന്നലെ മുതൽ സർവീസ് തുടങ്ങി. ദേശീയപാതയിലൂടെ കണ്ണൂർ – കോഴിക്കോടെത്തു. തുടർന്ന് പൊന്നാന്നി വഴിയാണ് ബസിന്റെ റൂട്ട്. കാസർകോട് നിന്ന് വൈകിട്ട് 6 ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 10 ന് തൃശൂരിൽ നിന്നു തിരികെ വരുന്ന രീതിയിലാണ് സമയം നിശ്ചയിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com