ഉപ്പള ∙ വഴിയാത്രക്കാരിയുടെ മാലപൊട്ടിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നുകളഞ്ഞ പ്രതി 24 വർഷത്തിനു ശേഷം അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മണിമുണ്ടയിലെ ഉസ്‌മാൻ പൊയക്കര (58) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തളിപ്പറമ്പ് പൊലീസിനു കൈമാറി. തുടർന്ന് കോടതിയിൽ ഹാജരാക്കി.
1999ൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് കടന്നത്. സംഭവത്തിൽ അന്നത്തെ എസ്ഐയും ഇപ്പോഴത്തെ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പിയുമായ പി.പി.സദാനന്ദൻ കേസെടുക്കുകയായിരുന്നു.
ഉസ്മാനെ പിടികൂടുന്നതിനായി പൊലീസ് വ്യാപക അന്വേഷണം നടത്തിയങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതെത്തുടർന്നു കേസ് എഴുതിത്തള്ളുന്നതിന്റെ മുന്നോടിയായി നടത്തിയ ഫയൽ പരിശോധനയിൽ കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.പി.രഞ്ജിത്ത് മഞ്ചേശ്വരം പൊലീസിനു നൽകിയ നിർദേശത്തെത്തുടർന്നാണു പ്രതിയെ പിടികൂടിയത്.
ഡിവൈഎസ്‌പി ടി.പി.രഞ്ജിത്തിന്റ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്താൻ ഒരുമാസത്തോളം നിരീക്ഷണം നടത്തുകയായിരുന്നു. ഉസ്‌മാൻ ഉപ്പളയിലെ ഒരു ഹോട്ടലിൽ പൊറോട്ട മേക്കറായി ജോലി ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസെത്തി പിടികൂടുകയായിരുന്നു.