ഭിന്നശേഷിക്കാര്‍ക്കായി മുതുകാടിന്റെ ‘മാജിക് ’: ഡിഫറന്റ് ആർട് സെന്റർ കാസർകോട് യൂണിറ്റ് പ്രഖ്യാപനം

kasargod-magic-plant
മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കാസർകോട് ആരംഭിക്കുന്ന ഡിഫറന്റ്‌ ആർട് സെന്റർ യൂണിറ്റിന്റെ പ്രഖ്യാപനം നിർവഹിച്ച് തിരുവനന്തപുരം ഡിഫറന്റ്‌ ആർട്സ് സെന്ററിൽ നിന്നു കൊണ്ടുവന്ന ദീപം കുട്ടികളും അമ്മമാരും ചേർന്ന് എൻഡോസൾഫാൻ ഇരകളുടെ അമ്മമാർക്ക് കൈമാറി തെളിയിച്ചപ്പോൾ. ലോക ആരോഗ്യ സംഘടന ഭിന്നശേഷി വിഭാഗം നാഷനൽ ഓഫിസർ ഡോ. മുഹമ്മദ് അഷീൽ, കെ.കെ.ശൈലജ എംഎൽഎ, മജിഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

കാഞ്ഞങ്ങാട് ∙ നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത് ലോക ചരിത്രത്തിൽ ആദ്യമായി ഭിന്നശേഷിക്കാരൻ അവതരിപ്പിച്ച എസ്കേപ് മാജിക്കിന്. ചില്ലു കൂട്ടിൽ അടച്ച ഭിന്നശേഷിക്കാരൻ വിഷ്ണു മിനിറ്റുകൾക്ക് ശേഷം സദസ്സിന് ഇടയിൽ നിന്നു പ്രത്യക്ഷപ്പെട്ടപ്പോൾ കാഴ്ചക്കാരുടെ നിറഞ്ഞ കരഘോഷം. മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്ററിന്റെ കാസർകോട് യൂണിറ്റ് പ്രഖ്യാപന ചടങ്ങായിരുന്നു വേദി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ മുതുകാടിന്റെ നേതൃ‍ത്വത്തിൽ അൻപതോളം ഭിന്നശേഷി വിദ്യാർഥികളാണ് വന്ദേഭാരത് എക്സ്പ്രസിൽ കാസർകോട് എത്തിയത്. മിമിക്രി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം, നൃ‍ത്തം, മാജിക് ഷോ തുടങ്ങി വിവിധ പരിപാടികളിലൂടെ ഭിന്നശേഷി കുട്ടികൾ മാത്രമല്ല അത്ഭുതക്കുട്ടികളാണ് തങ്ങളെന്ന് തെളിയിച്ചു. അത്യപൂർവമായ സാംസ്കാരിക സായാഹ്നമാണ് പരിപാടി നഗരത്തിന് സമ്മാനിച്ചത്.

kasargod-magic
ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ കാസർകോട് ആരംഭിക്കുന്ന ഡിഫറന്റ്‌ ആർട് സെന്റർ യൂണിറ്റിന്റെ പ്രഖ്യാപന ചടങ്ങിൽ തിരുവനന്തപുരം ഡിഫറന്റ്‌ ആർട്സ് സെന്ററിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടിയിൽ നിന്ന് ചിത്രം: മനോരമ

മാജിക് അവതരണം നിർത്തിയ മുതുകാടിന്റെ യഥാർഥ മാജിക് ഭിന്നശേഷി കുട്ടികളിലൂടെ പുറത്തു വന്നതിന് നൂറുകണക്കിന് പേർ സാക്ഷ്യം വഹിച്ചു.  കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്കും ഭിന്നശേഷി കുട്ടികൾക്കും ഇത്തരം പരിപാടികളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്താനാകുമെന്നും കാസർകോട്ടെ ഡിഫ്റന്റ് ആർട് സെന്റർ ഇതിന് സഹായകരമാകുമെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.  ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികളുടെ 2 മണിക്കൂർ നീണ്ട ‘എംപവറിങ് വിത്ത് ലൗ’ കലാവിരുന്ന് നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കാനുള്ള പണം നൽകിയ എം.ജെ.ലൂക്ക, സ്ഥലം നൽകിയ തങ്കമ്മ, ചിത്ര രാധാകൃഷ്ണൻ എന്നിവരെ കെ.കെ.ശൈലജയും ഇ.ചന്ദ്രശേഖരൻ എംഎൽഎയും ചേർന്നു ആദരിച്ചു. കരുണാകരൻ കരുണ 11,11,111 രൂപ ആദ്യ സംഭാവനയായി കൈമാറി. 

ഇതിന് പിന്നാലെ ഒട്ടേറെ സഹായ വാഗ്ദാനങ്ങളും എത്തി. എൻഡോസൾഫാൻ ദുരിതബാധിതരടക്കം മലബാർ മേഖലയിലെ ഒട്ടേറെ കുട്ടികൾക്ക് ആശ്രയമാകുന്ന തരത്തില്‍ മടിക്കൈ പഞ്ചായത്തിലെ അടുക്കത്ത് പറമ്പിൽ 12 ഏക്കർ സ്ഥലത്താണ് ‘ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ്- എ യൂണിറ്റ് ഓഫ് ഡിഫ്റന്റ് ആർട് സെന്റര്‍’ നിർമിക്കുന്നത്. പ്രത്യേകം തയാറാക്കിയ സിലബസ്, വാട്ടർ തെറപ്പി, അനിമൽ തെറപ്പി, റിസർച്ച് ലാബുകൾ, ആശുപത്രി സൗകര്യം, സ്പോർട്സ് സെന്റർ, വൊക്കേഷനൽ കംപ്യൂട്ടർ പരിശീലന സൗകര്യം എന്നിവയും സെന്ററിലുണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS