വെള്ളരിക്കുണ്ട്∙ എല്ലാ വിഭാഗം ജനങ്ങൾക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ വികസനം ഉറപ്പാക്കാൻ ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലൂടെ യാഥാർഥ്യമാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്കിൽ നടന്ന അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാതികൾ എളുപ്പം പരിഹരിച്ച് മന്ത്രിമാർ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ വലിയ പ്രതീക്ഷയാണ് ജനങ്ങൾക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. എം.രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ കെ.ഇമ്പശേഖർ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി.കെ.നാരായണൻ, ഗിരിജ മോഹനൻ, പ്രസന്ന പ്രസാദ്,പി.ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.രേഖ, വാർഡ് അംഗം കെ.ആർ.ബിനു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ, ടി.കെ.സുകുമാരൻ, കെ.എസ്.കുര്യാക്കോസ്, എം.പി.ജോസഫ്, ബിജു തുളുശേരിയിൽ, എ.സി.എ.ലത്തീഫ്, എം.ഷാജി, പ്രിൻസ് ജോസഫ്, ബെന്നി നാഗമറ്റം, അസീസ് കടപ്പുറം, ആന്റക്‌സ് ജോസഫ്, കെ.ടി.സ്‌കറിയ, കൂലേരി രാഘവൻ, പി.ടി.നന്ദകുമാർ, കെ.കെ.അശോകൻ, ഷാനോജ് ഫിലിപ്പ്, ആർ.സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. എഡിഎം കെ.നവീൻ ബാബു, സബ് കലക്ടർ സൂഫിയാൻ അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
പരിഹാരം തേടി എത്തിയവർ ഒട്ടേറെ
മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ വിതരണം ചെയ്തു കൊണ്ടായിരുന്നു അദാലത്ത് തുടങ്ങിയത്. പിന്നാലെ വിവിധ വിഷയങ്ങൾ പരിഹാരം തേടിയെത്തി. കോടോത്ത് അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളുമായി ബന്ധപ്പെട്ട വഴി തർക്കത്തിനു പരിഹാരം തേടിയാണ് രോഗിയായ കുമാരൻ ആശാരി വീൽചെയറിൽ അദാലത്ത് വേദിയിലേക്ക് എത്തിയത്. പരാതി കേട്ട മന്ത്രി വഴി പ്രശ്നം തീർക്കാൻ കലക്ടർ, എംഎൽഎ, പിടിഎ പ്രസിഡന്റ് എന്നിവർക്ക് നിർദേശം നൽകി. കോടോം ബേളൂർ പഞ്ചായത്തിലെ അലീമ ദാരിദ്ര്യത്തിന്റെ സങ്കടകഥകൾ വിവരിച്ചപ്പോൾ മന്ത്രിയുടെ മുഖവും വാടി. എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ട 30 വയസ്സുള്ള മകളെയും കാഴ്ച ശക്തി നഷ്ടപ്പെട്ട ഭർത്താവിനെയും കൂട്ടിയാണ് അലീമ അദാലത്തിലെത്തിയത്. മൂന്ന് പെൺമക്കളുള്ള അലീമയ്ക്ക് മറ്റ് ജോലികളൊന്നുമില്ല. ഇളയ മകൾ ഡിഗ്രി പഠനം പൂർത്തിയാക്കിയെങ്കിലും സാമ്പത്തികമില്ലാത്തതിനാൽ തുടർപഠനം മുടങ്ങി.
അലീമയുടെ കുടുംബത്തെ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെടുത്താനും അടിയന്തരമായി ഭക്ഷ്യവസ്തുക്കളും മരുന്നുകളും വൈദ്യ സഹായവും ലഭ്യമാക്കി. നിലവിൽ റേഷൻ കാർഡിൽ മുൻഗണനാ വിഭാഗത്തിലുള്ള കുടുംബത്തെ അന്ത്യോദയ അന്ന യോജന വിഭാഗത്തിലേക്ക് മാറ്റാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി. പനത്തടി മാട്ടക്കുന്ന് സ്വദേശിഭന്നശേഷി ക്കാരനായ സന്തോഷിന് സ്വയം തൊഴിൽ ചെയ്ത് സ്വന്തമായി വരുമാനം കണ്ടെത്താൻ 50,000 രൂപ അനുവദിച്ചു. ഒപ്പം എംപ്ലോയ്‌മെന്റ് ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യാനും നിർദേശം നൽകി. കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതിനാൽ സ്കൂളുകൾക്ക് മഴപെയ്ത് വെള്ളമാകുന്നത് വരെ താലൂക്കിൽ 10 ദിവസം കൂടി അവധി നൽകണമെന്നാവശ്യപ്പെട്ട് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ ഫാ. ജോൺസൺ അന്ത്യാംകുളം ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് എന്നിവർ സമർപ്പിച്ച പരാതിയിൽ സ്കൂളിലേക്ക് ആവശ്യമായ വെള്ളം എത്തിക്കാൻ കലക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
പരാതികൾ 271
അദാലത്തിൽ 271 പരാതികൾ ലഭിച്ചതിൽ 103 എണ്ണം തീർപ്പാക്കി. ബാക്കിയുള്ള പരാതികളിൽ പരിഹരിച്ച് തീർപ്പാക്കാൻ അതാത് വകുപ്പ് തല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
വെള്ളരിക്കുണ്ട്∙ താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിനെത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. ഉദ്ഘാടനസമ്മേളനം നടന്നുകൊണ്ടിരിക്കെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് അംഗവുമായ ജോമോൻ ജോസിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യമുയർത്തി ഓഡിറ്റോറിയത്തിലെത്തുന്നതിന് മുമ്പ് പൊലീസ് തടഞ്ഞു. പൊലീസിനെ വകവെക്കാതെ മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ ബലമായി പൊലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മലയോര ഹൈവെ കടന്നുപോകുന്ന വനപ്രദേശങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ചീമേനി ഓടക്കൊല്ലി റോഡ്, ഭീമനടി ചിറ്റാരിക്കാൽ റോഡ് ,ഓടക്കൊല്ലി പാലം തുടങ്ങിയവയുടെ നിർമാണം ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനം. മലയോരത്തെ തകർന്ന റോഡുകളുടെ ഫോട്ടോ വേദിക്ക് സമീപം പ്രദർശിപ്പിക്കാനുള്ള ശ്രമവും നടന്നില്ല. ജില്ലാ സെക്രട്ടറിമാരായ രാജേഷ് തമ്പാൻ, മാർട്ടിൻ ജോർജ് തുടങ്ങി ഇരുപതോളം പേർ പ്രകടനത്തിൽ പങ്കെടുത്തു.