ADVERTISEMENT

കാസർകോട് ∙കേളുഗുഡ്ഡെ ഗോഡൗണിൽ സൂക്ഷിച്ച റേഷനരിയിൽ നിന്നുള്ള ‘അരിപ്രാണി’ ശല്യം വ്യാപകമാകുന്നതിനിടെ വിദ്യാനഗറിലെ വീടുകളിലും പ്രാണി ശല്യം കണ്ടെത്തി. വിദ്യാനഗറിലെ ഗോഡൗണിൽ നിന്നാണ് ഇത് പറന്ന് വീടുകളിൽ ശല്യം ചെയ്യുന്നതെന്ന് നഗരസഭ അണങ്കൂർ വാർഡ് അംഗം പി.രമേശ് നൽകിയ പരാതിയിൽ കലക്ടർ, ജില്ലാ സപ്ലൈ ഓഫിസർ എന്നിവരെ അറിയിച്ചു.

ചെറിയ കുട്ടികളുടെ ചെവിയിലും മറ്റും പ്രാണി കയറുന്നു. കഴിഞ്ഞ വർഷം ഉണ്ടായിരുന്നുവെങ്കിലും ഈ വർഷം പതിന്മടങ്ങ് കൂടിയെന്നാണ് പരാതി. രാത്രി വീടുകളിൽ ലൈറ്റ് ഓഫാക്കി അടച്ചിരിക്കേണ്ട അവസ്ഥയാണ്. കേളുഗുഡെയിൽ സപ്ലൈകോ ഗോഡൗണിൽ നിന്നുള്ള പ്രാണികൾ സമീപത്തെ വീടുകളിൽ ഉണ്ടാക്കുന്ന ശല്യത്തിനു പിന്നാലെയാണ് വിദ്യാനഗറിൽ ഗോഡൗണിന്റെ സമീപ വീടുകളിലും പ്രാണി ശല്യം തുടങ്ങിയത്. 

ചുവന്ന മാവ് വണ്ട് 

ട്രൈബോളിയം കാസ്റ്റേനിയം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നതാണ് ഇവയെന്ന് കേളുഗുഡ്ഡെയിലെ ഗോഡൗണിലെ പ്രാണികളെ കണ്ട് പഠനം നടത്തി വിലയിരുത്തിയ കാസർകോട് ഗവ.കോളജ് സുവോളജി വിഭാഗം അസി.പ്രഫസർ കെ.അബ്ദുൽ ജലീൽ പറഞ്ഞു.മുതിർന്ന വണ്ടുകൾ ചെറുതാണ്. 3–4 മില്ലീമീറ്റർ നീളവും കാണും. 

തവിട്ട്, അല്ലെങ്കിൽ കറുത്ത നിറമാണ്. സംഭരിച്ചു വച്ചിരിക്കുന്ന വിത്തുകൾ, മാവ്, ധാന്യങ്ങൾ, പാസ്ത, ബിസ്കറ്റ് ബീൻസ്, അണ്ടിപ്പരിപ്പ് എന്നിവ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപന്നങ്ങളിൽ നാശമുണ്ടാക്കും.സാധാരണയായി ഒരു വണ്ട് ഒരാഴ്ചയിൽ 400 മുതൽ 500 വരെ മുട്ടയിടും. 32 മുതൽ 35 ഡിഗ്രി സെന്റി ഗ്രേഡ് ഊഷ്മാവിലാണ് പ്രത്യുൽപാദനവും രൂപാന്തരണവും നടക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇവയുടെ പെട്ടെന്നുള്ള വർധനയ്ക്ക്  കാരണമെന്നു പറയുന്നു.

ഡിഎൻഎ പരിശോധന 

കേളുഗുഡ്ഡെയിൽ സപ്ലൈകോ ഗോഡൗണിൽ അരിച്ചാക്കുകളിൽ കണ്ട പ്രാണിയെ കാസർകോട് ഗവ.കോളജ് സുവോളജി വിഭാഗം വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ  ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡിഎൻഎ ശ്രേണീകരണ പരിശോധനയ്ക്കയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com