ADVERTISEMENT

ചെറുവത്തൂർ ∙ മൺസൂൺകാല ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി 12 മുതൽ നിലവിൽ വരും. ജൂലൈ 31 അർധരാത്രി 12വരെ 52 ദിവസമാണ് നിരോധനം. സംസ്ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മീൻപിടിക്കുന്ന ബോട്ടുകൾക്കാണ് നിരോധനം. ഇത്തരം ബോട്ടുകൾ ഇന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കെട്ടിയിടും. 

 ഇൻബോർഡ് വള്ളങ്ങൾ, പരമ്പരാഗത വള്ളങ്ങൾ എന്നിവയ്ക്ക് കടലിൽ പോയി മീൻ പിടിക്കുന്നതിന് തടസ്സമുണ്ടാകില്ല. ഇൻബോർഡ് വള്ളങ്ങളിൽ ഒരു കാരിയർ വള്ളമേ അനുവദിക്കൂ. ബോട്ടുകൾ നീണ്ട 52 ദിവസം കടലിൽ ഇറങ്ങാതെ വരുന്നതോടെ ഇതിൽ ജോലി ചെയ്ത് വരുന്ന നൂറു കണക്കിന് മത്സ്യത്തൊഴിലാളികളുടെയും, അനുബന്ധ തൊഴിലാളികളുടെയും കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങും. 178 ഓളം ബോട്ടുകളാണ് ജില്ലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 

ഈ പ്രാവശ്യം ബോട്ടുകൾക്ക് ചെമ്മീനും, ചെറുമീനുകളുമടക്കം കാര്യമായ മീനൊന്നും ലഭിച്ചിരുന്നില്ല. ഇന്ധന വില വർധനവും, ബോട്ടുകൾക്കാവശ്യമായ വലയടക്കമുള്ള സാധങ്ങളുടെ വിലക്കയറ്റവും കാരണം ബോട്ടിൽ ജോലി ചെയ്തുവന്നിരുന്ന തൊഴിലാളികൾക്ക് ബോട്ടുടമകളിൽ നിന്ന് കുറഞ്ഞ വേതനമായിരുന്നു ലഭിച്ചത്. ഇതു കൊണ്ട് തന്നെ ഇവർക്ക് ട്രോളിങ് നിരോധന കാലത്തേക്ക് ഒന്നും മിച്ചം വയ്ക്കാൻ ഇല്ലാത്ത അവസ്ഥയായിരുന്നു.

എന്തെങ്കിലും കൂലിവേല ചെയ്ത് കുടുംബം പോറ്റാമെന്ന് വച്ചാൽ വരാനിരിക്കുന്ന മഴക്കാലത്ത് കാര്യമായ ജോലിയൊന്നും ഉണ്ടാകാൻ സാധ്യതയും ഇല്ല. മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിയും, സൗജന്യ റേഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം കാരണം  തൊഴിലൊന്നുമില്ലാതെ കഴിയേണ്ടി വരുന്ന ബോട്ട് തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും സർക്കാർ കാര്യമായ ധനസഹായം നൽകണമെന്നാണ് വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com