ADVERTISEMENT

കോട്ടിക്കുളം∙ കടൽക്ഷോഭത്തിൽ രക്ഷനേടാൻ തൃക്കണ്ണാട് കടപ്പുറത്ത് ജിയോ ബാഗ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പൂർത്തിയാകുന്നു. തൃയംബകേശ്വര ക്ഷേത്രത്തിന്  മുൻവശം ആറാട്ടുത്സവ നാളിൽ ദേവന്മാർക്ക് വിശ്രമിക്കാൻ തീർത്ത മണ്ഡപത്തിന് മുന്നിലൂടെ 60 മീറ്റർ നീളത്തിൽ നിർമിക്കുന്ന ജിയോ ബാഗ് സംരക്ഷണഭിത്തിയുടെ നിർമാണമാണ് പൂർത്തിയാകുന്നത്.

കഴിഞ്ഞ കടലേറ്റ കാലത്ത് ഈ മണ്ഡപത്തിനും ഭീഷണിയായി തിര കരയിലേക്ക് എത്തിയിരുന്നു. ശക്തമായ കടൽക്ഷോഭത്തിൽ വെള്ളം റോഡിലേക്ക് വരെ എത്തിയിരുന്നു. 6 മീറ്റർ വീതിയിലാണ് ഇവിടെ ഭിത്തി നിർമിക്കുന്നത്. ഭിത്തിക്ക് ഒരു മീറ്റർ താഴ്ചയും ഭൂനിരപ്പിൽ നിന്ന് 1.70 മീറ്റർ ഉയരവും ഉണ്ട്. അടിത്തറയൊരുക്കാൻ കുഴിച്ചപ്പോൾ നീക്കിയ  മണൽ പ്രത്യേക തരം ബാഗിൽ നിറച്ച് തുന്നി അടുക്കിയാണ് ഭിത്തി നിർമിക്കുന്നത്. നിറയ്ക്കലും തുന്നലും അടുക്കലുമെല്ലാം യന്ത്ര സഹായത്തോടെയാണ്. 1400 ലധികം ബാഗുകളാണ് തൃക്കണ്ണാട് സ്ഥാപിക്കുക. കലക്ടർ  അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് ജനസേചന വകുപ്പാണ് നിർമാണ പ്രവൃത്തി നടത്തുന്നത്. വലിയ കരിങ്കൽ ഉപയോഗിച്ചായിരുന്നു നേരത്തെ കടൽഭിത്തി നിർമിച്ചിരുന്നത്.

എന്നാൽ ശക്തമായ കടൽക്ഷോഭത്തിൽ വർഷം തോറും ഭിത്തി തകർന്നു കല്ല് കടലിലേക്ക് ഒഴുകുകയും ഇത് മത്സ്യബന്ധനത്തിനു പോകുന്നവർക്ക് അപകടഭീഷണിയാകുകയും ചെയ്തിരുന്നു. ജിയോ ബാഗ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം ഉപയോഗപ്രദമാണ് എന്നാണ് അധികൃതർ പറയുന്നത്. തൃക്കണ്ണാട് ഏറെ പ്രദേശത്തും കടൽക്ഷോഭ ഭീഷണി നേരിടുന്നെങ്കിലും മത്സ്യബന്ധനത്തിനു പോകുന്നവരുടെ വള്ളങ്ങൾ കയറ്റി വയ്ക്കുന്ന പ്രദേശമായതിനാൽ എല്ലായിടത്തും ഭിത്തി നിർമിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com