ADVERTISEMENT

തൃക്കരിപ്പൂർ ∙ ഇരുനൂറിലധികം രുചിഭേദങ്ങളുള്ള ‘കുഞ്ഞ്യാങ്ങലം’ മാങ്ങയുടെ മധുരം ഗ്രാമങ്ങളിലേക്കും പകരാൻ പദ്ധതി. ഇതിന്റെ ഭാഗമായി തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവിൽ ലോക മാമ്പഴ ദിനമായ നാളെ ഓർമകളുടെ ചെറുമാന്തോപ്പ് ഒരുക്കും. ബിഎംസിയുടെ സഹകരണത്തോടെയാണിത്. കുഞ്ഞിമംഗലം ഗ്രാമത്തിന്റെ തനത് മാവിനമായ കുഞ്ഞ്യാങ്ങലം മാവിനെയും നിറത്തിലും മണത്തിലും രുചിയിലും വലുപ്പത്തിലും ഏറെ വൈവിധ്യം പുലർത്തുന്ന നാട്ടുമാവുകളെയും നട്ടു വളർത്തി സംരക്ഷിക്കുന്ന പദ്ധതിയാണ് ഓർമകളുടെ മാന്തോപ്പെന്നു പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ വിശദീകരിച്ചു.പയ്യന്നൂർ കോളജിലെ ബോട്ടണി പിജി വിഭാഗവും കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മയും ചേർന്നാണ് പദ്ധതി ഒരുക്കിയത്. രാവിലെ 10നു വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിനു സമീപം ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കാസർകോട് സോഷ്യൽ ഫോറസ്ട്രി ഡിസിഎഫ് പി.ധനേഷ് കുമാർ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷത വഹിക്കും. കണ്ണൂർ–കാസർകോട് ജില്ലകളിലെ പൊതുഇടങ്ങളിൽ കുഞ്ഞിമംഗലം മാവിന്റെയും അപൂർവങ്ങളായ നാട്ടു മാവുകളുടെയും മാന്തോപ്പുകൾ തീർക്കും. വടക്കേടത്ത് പഞ്ചാരമാങ്ങ, പട്ടറാട്ട് പഞ്ചാരമാങ്ങ, തൃക്കൈ വലിയ കടുക്കാച്ചി, തൃക്കൈ കുഞ്ഞിക്കടുക്കാച്ചി, അള്ളക്കാട്ട് ഭരണിക്കടുക്കാച്ചി, അള്ളക്കാട്ട് മഞ്ഞേൻ, മടപ്പുര പുളിയൻ, പാലക്കീൽ പുളിയൻ, അള്ളക്കാടൻ കപ്പക്കായ് മാങ്ങ, മഞ്ഞപ്പനാശാൻ, കുളിയൻ മാങ്ങ തുടങ്ങി അനേകം ഇനങ്ങളുണ്ട്. നാട്ടു പേരുള്ള മാങ്ങക്കൊപ്പം ’മുംബൈക്കാരൻ’ മാങ്ങയും ഇടം പിടിച്ചിട്ടുണ്ട്. വിവിധ ഇനങ്ങൾ പാതയോരത്തും നാട്ടുവഴികളിലും വച്ചു പിടിപ്പിച്ച് മാമ്പഴ സമൃദ്ധി തീർക്കുകയാണ് ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com