ADVERTISEMENT

രാജപുരം ∙ മനോരമ വാർത്തയിലൂടെ കോടോം ബേളൂർ എരുമക്കുളത്തെ ഭിന്നശേഷിക്കാരൻ അഭിഷേകിന് ലഭിച്ചത് ജീവിതത്തിൽ‌ പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടു കുതിക്കാനുള്ള ലൈസൻസ്. സെറിബ്രൽ പാൾസി രോഗം ബാധിച്ച് കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ട അഭിഷേകിന് കോളജ്  പഠനം തടസ്സമായതോടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയ നിലയിലായിരുന്നു. ചിറക് മുളയ്ക്കാത്ത അഭിഷേകിന്റെ ആഗ്രഹങ്ങൾ മനോരമയിലൂടെയാണ് പുറം ലോകമറിഞ്ഞത്. തുടർന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് ഇടപെട്ട് അഭിഷേകിന് മുച്ചക്ര വാഹനം നൽകാമെന്ന് അറിയിച്ചതോടെ പഠനവും, സർക്കാർ ജോലിയും എന്ന അഭിഷേകിന്റെ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചു. ഇന്നലെ ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സൈഡ് വീൽ സ്കൂട്ടർ കൈമാറി, മിടുക്കനായി പഠിച്ചു വളരാൻ മന്ത്രി ആശംസിച്ചു. 

‘മോന് ലൈസൻസ് ഉണ്ടല്ലോ അല്ലെ...’ എന്ന ജില്ലാ കലക്ടർ കെ.ഇമ്പശേഖറിന്റെ സൗഹൃദപരമായ ചോദ്യത്തിന് ചിരിയായിരുന്നു അഭിഷേകിന്റെ മറുപടി. അഭിഷേകിന് ലൈസൻസ് എടുക്കാനുള്ള എല്ലാ സഹായങ്ങളും നൽകാമെന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഷിനോജ് ചാക്കോ അറിയിച്ചിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസി‍ഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് അഭിഷേക് പ്ലസ്ടു വരെ പഠനം നടത്തിയത്.

9ാം ക്ലാസ് വരെ അഭിഷേകിനെ അമ്മ കല്യാണി തോളത്തെടുത്താണ് സ്കൂൾ ബസ് വരെ എത്തിച്ചിരുന്നത്. തുടർന്ന് പ്ലസ്ടു വരെ ഓട്ടോറിക്ഷയിൽ വിടുകയായിരുന്നു. ബിഎ ഹിസ്റ്ററിക്ക് കുണിയയിലെ ഉദുമ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്രവേശനം ലഭിച്ചെങ്കിലും അഭിഷേകിന് പരസഹായം കൂടാതെ സഞ്ചരിക്കാൻ സാധിക്കാത്തതിനാൽ കോളജ് പഠനം വേണ്ടെന്ന തീരുമാനത്തിലായിരുന്നു മാതാപിതാക്കൾ.പരസഹായമില്ലാതെ ദിവസവും കോളജിൽ പോയി വരാൻ  മുച്ചക്ര വാഹനം ലഭിച്ചതോടെ അഭിഷേക് സന്തോഷത്തിലാണ്.

kasargod-abhishek-rotery
അഭിഷേകിന്റെ കോളജ് പഠനത്തിന്റെ ആദ്യ ഘടു അടച്ചതിന്റെ രസീത് റോട്ടറി ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ഡോ.കെ.സുധാകരൻ അഭിഷേകിന്റെ മാതാപിതാക്കൾക്ക് നൽകുന്നു.

കോളജ് ചെലവുകൾ ഏറ്റെടുത്ത് റോട്ടറി

കൂലിവേല ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന അഭിഷേകിന്റെ  മാതാപിതാക്കൾക്ക് കോളജ് പഠനത്തിനുള്ള ചെലവ് ഭാരിച്ച തുകയായിരുന്നു.മനോരമ വാർത്തയെ തുടർന്ന് അഭിഷേകിന്റെ 3 വർഷത്തെ കോളജ് പഠനത്തിന്റെ മുഴുവൻ ചെലവുകളും ഒടയംചാൽ ഡൗൺ ടൗൺ റോട്ടറി ക്ലബ് ഏറ്റെടുത്തിട്ടുണ്ട്. 

ഞായറാഴ്ച ഒടയംചാലിൽ നടന്ന റോട്ടറി ക്ലബ് സ്ഥാനാരോഹണ ചടങ്ങിൽ കോളജിൽ ആദ്യഘട്ട തുക അടച്ചതിന്റെ രസീത് റോട്ടറി ഡിസ്ട്രിക്ട്  കോഓർഡിനേറ്റർ ഡോ.കെ.സുധാകരൻ അഭിഷേകിന്റെ മാതാപിതാക്കളായ കല്യാണി, സുരേഷ് ബാബു എന്നിവർക്ക് കൈമാറി. റോട്ടറി പ്രസി‍ഡന്റ് ബിനോയ് കുര്യൻ, സെക്രട്ടറി ബേബി മേലത്ത് എന്നിവർ സംബന്ധിച്ചു.

English Summary: Abhishek, who has lost the mobility of his legs due to cerebral palsy, now has his own vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com