തീപിടിച്ച കപ്പലിൽ നിന്ന് ആശ്വാസവാർത്ത: ‘പേടിക്കാനില്ല, ഞങ്ങളെല്ലാവരും സുരക്ഷിതരാണ്’
Mail This Article
കാസർകോട് ∙ ‘പേടിക്കാനില്ല, ഞങ്ങളെല്ലാവരും സുരക്ഷിതരാണ്. തീപിടിച്ചപ്പോൾ പുക മൂലമുണ്ടായ അസ്വസ്ഥത മാത്രമാണു പ്രശ്നം. എല്ലാവരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്’, വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപം തീപിടിച്ച ഫ്രീമാന്റിൽ ഹൈവേ എന്ന ചരക്കുകപ്പലിന്റെ മുംബൈ ഓഫിസിൽനിന്ന് കപ്പലിലുള്ള കാസർകോട് സ്വദേശിയുടെ ബന്ധുക്കൾക്ക് ഈ അറിയിപ്പ് ലഭിച്ചതോടെ ആശ്വാസം. മൂവായിരത്തോളം ആഡംബര കാറുകൾ കയറ്റി ജർമനിയിൽനിന്ന് ഈജിപ്തിലേക്കു യാത്ര തിരിച്ച കപ്പലിനു തീപിടിച്ചു ഗുജറാത്ത് സ്വദേശി സോളങ്കി ചമ്പക്‌ലാൽ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
കപ്പലിലുള്ള ആർക്കും നിലവിൽ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു കപ്പലിന്റെ മുംബൈ ഓഫിസിൽ നിന്ന് അറിയിപ്പു ലഭിച്ചതായി കപ്പൽ ജീവനക്കാരൻ പാലക്കുന്ന് ആറാട്ടുക്കടവ് ചന്ദ്രപുരത്തെ ബിനീഷിന്റെ ബന്ധുക്കൾ അറിയിച്ചു. കപ്പലിൽ മലയാളിയായ ക്യാപ്റ്റൻ നവീൻ മേനോത്തുപറമ്പിൽ ഉൾപ്പെടെ 21 ജീവനക്കാരും ഇന്ത്യക്കാരാണ്. രക്ഷപ്പെട്ടവരിൽ പാലക്കുന്ന് ചന്ദ്രപുരത്തെ ബിനീഷ് കപ്പലിൽ ചീഫ് കുക്കാണ്. ജൂൺ 30നാണ് ബിനീഷ് ഈ കപ്പലിൽ ജോലിക്കു കയറിയത്. തീ പടർന്നപ്പോൾ പുകമൂലം നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ ബിനീഷ് ഉൾപ്പെടെ ഏതാനും പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിനു ശേഷം കമ്പനിയുടെ മുംബൈ ഓഫിസിൽനിന്ന് പെരിയാട്ടടുക്കം സെന്റ് മേരീസ് സ്കൂൾ അധ്യാപികയായ ബിനീഷിന്റെ ഭാര്യ സൗമ്യയെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽനിന്ന് ഹോട്ടലിലേക്കു മാറ്റുമെന്നു കമ്പനി അധികൃതർ പറഞ്ഞതായി സൗമ്യ അറിയിച്ചു. കപ്പലിൽ കൊണ്ടുപോയ 25 ഇലക്ട്രിക് കാറുകളിലൊന്നിനു തീപിടിക്കുകയായിരുന്നു. ഭയവിഹ്വലരായി 6 പേർ കടലിലേക്കു ചാടി. ഇതിൽ ഒരാളാണു മരിച്ച ഗുജറാത്ത് സ്വദേശി സോളങ്കി ചമ്പക്‌ലാൽ. ഹൃദയാഘാതത്തെത്തുടർന്നാണു സോളങ്കി മരിച്ചതെന്ന് കമ്പനി അധികൃതർ പറഞ്ഞു.
English Summary : Ship carrying nearly 3,000 cars ablaze off Dutch coast, crew member dead