ADVERTISEMENT

നീലേശ്വരം∙ ഉദ്ഘാടനം ചെയ്ത് അഞ്ചര മാസം കഴിഞ്ഞിട്ടും അരിഷ്ടതകൾ ഒഴിയാതെ നീലേശ്വരം കോട്ടപ്പുറത്തെ വഞ്ചിവീട് ടെർമിനൽ. ടെർമിനലിനും മുൻപ് നിർമാണം തുടങ്ങിയ ടെർമിനൽ റോഡ് ഇപ്പോഴും ടാർ ചെയ്തിട്ടില്ല; സഞ്ചാരികൾക്കു പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ശുചിമുറികൾ പോലും ടെർമിലിനോടനുബന്ധിച്ചില്ല. ഡിടിപിസി 3 മാസം മുൻപു തന്നെ കരാറുകാരനെ കണ്ടെത്തിയിട്ടും വിഭാവനം ചെയ്ത രീതിയിൽ ടെർമിനൽ പ്രവർത്തന സജ്ജമായില്ല. റോഡിന്റെ പണി തീരാതെ തിരക്കിട്ട് ടെർമിനൽ ഉദ്ഘാടനം ചെയ്യുമ്പോൾ തന്നെ പരാതി ഉയർന്നിരുന്നുവെങ്കിലും ഉദ്ഘാടനത്തിനു പിന്നാലെ ടാറിങ്ങും നടക്കുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. 

നീലേശ്വരം കോട്ടപ്പുറം വഞ്ചിവീട് ടെർമിനലിന്റെ തുടർവികസന പ്രവർത്തനങ്ങൾക്കു ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി സ്ഥലം സന്ദർശിച്ച റവന്യുസംഘം നീലേശ്വരം നഗരസഭ അധികൃതരുമായി ചർച്ചയിൽ.
നീലേശ്വരം കോട്ടപ്പുറം വഞ്ചിവീട് ടെർമിനലിന്റെ തുടർവികസന പ്രവർത്തനങ്ങൾക്കു ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി സ്ഥലം സന്ദർശിച്ച റവന്യുസംഘം നീലേശ്വരം നഗരസഭ അധികൃതരുമായി ചർച്ചയിൽ.

വിനോദ സഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡ് നിർമിക്കുന്നത് നിർമിതി കേന്ദ്രമാണ്. ഭംഗിയാർന്ന പ്രവേശന കവാടം ഉൾപ്പെടെ വിഭാവനം ചെയ്ത റോഡ് നിലവിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഒരു നടവഴി പോലെയാണുള്ളത്. റോഡ് നിർമാണത്തിനു 2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിനു സമീപം തുടങ്ങി ടെർമിനലിൽ അവസാനിക്കുന്ന ഒന്നര കിലോമീറ്റർ റോഡ് അധികൃതരുടെ നിസംഗത മൂലമാണ് ശോച്യാവസ്ഥയിലായത്.  

8 കോടി രൂപ ചെലവിൽ നിർമിച്ച വഞ്ചിവീട് ടെർമിനൽ 2023 ഫെബ്രുവരി 20 നു മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ടെർമിനലിലോ ഇതോടനുബന്ധിച്ചോ ശുചിമുറി സൗകര്യമില്ല. ബിആർഡിസി നേരത്തെ ഇൻഫർമേഷൻ കൗണ്ടർ ആയി ഉപയോഗിച്ചിരുന്ന ചെറിയ കെട്ടിടത്തിലെ ശുചിമുറികളും ഉപയോഗശൂന്യമാണ്. ഇത് ഇവിടെയെത്തുന്ന സഞ്ചാരികളെ വട്ടം കറക്കുന്നു. വഞ്ചിവീട് സർവീസിന്റെ പുതിയ സീസൺ തുടങ്ങുമ്പോഴേക്കെങ്കിലും ടെർമിനൽ പൂർണ തോതിൽ പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് സംരംഭകരും സഞ്ചാരികളും.

 

 

ടെർമിനൽ തുടർവികസനം: 

 

3 ഏക്കർ ഏറ്റെടുക്കും;

ആദ്യഘട്ടത്തിൽ 55 സെന്റ്

 

 

കോട്ടപ്പുറം ∙ നീലേശ്വരം കോട്ടപ്പുറം വഞ്ചിവീട് ടെർമിനലിന്റെ തുടർവികസന പ്രവർത്തനങ്ങൾക്കായി 3 ഏക്കർ ഭൂമി ഏറ്റെടുക്കും. ആദ്യഘട്ടത്തിൽ 55 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥ സംഘം ഇവിടെയെത്തി പരിശോധനകൾ നടത്തി. ലാൻഡ് അസൈൻമെന്റ് ഡപ്യൂട്ടി കലക്ടർ, തഹസിൽദാർ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധനയ്ക്കെത്തിയത്. ഇവിടെയെത്തിയ നീലേശ്വരം നഗരസഭ ചെയർപഴ്സൻ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി എന്നിവരുമായി ഇവർ ചർച്ചയും നടത്തി.  സ്ഥലമെടുപ്പ് വേഗത്തിലാക്കാനാണു തീരുമാനം. റിസപ്ഷൻ– ഇൻഫർമേഷൻ കൗണ്ടർ, കഫെ, സുവനീർ കൗണ്ടർ എന്നിവയെല്ലാം ടെർമിനലിനോടനുബന്ധിച്ച് ഒരുക്കേണ്ടതുണ്ട്. വൈദ്യുതി, വാട്ടർ കണക്‌ഷനും കിട്ടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com