ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് വിവാദം: ചർച്ചയിൽ തീരുമാനമായില്ല
Mail This Article
ചെറൂവത്തൂർ ∙ മടിക്കുന്നിൽ ശുചിമുറി സംസ്കരണ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമര പരിപാടികളുമായി മുന്നോട്ട് പോകുന്ന മടിക്കുന്ന്–മടിവയൽ ജനകീയ കമ്മിറ്റി ഭാരവാഹികളുമായി പഞ്ചായത്ത് ഭരണ സമിതി നടത്തിയ ചർച്ച ഫലം കണ്ടില്ല. ഇതേ തുടർന്ന് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23ന് പഞ്ചായത്ത് ഓഫിസിലേക്ക് നടത്താൻ തീരുമാനിച്ച മാർച്ചും ധർണയും നടക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, വൈസ് പ്രസിഡന്റ് പി.വി.രാഘവൻ എന്നിവർ, ജനകീയ കമ്മിറ്റി ഭാരവാഹികളായ എം.വി.ലതീഷ്, കെ.ദേവേന്ദ്രൻ എന്നിവരുമായാണ് ചർച്ച നടത്തിയത്.
നിർദിഷ്ട ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് ജനവാസമില്ലാത്ത പ്രദേശത്ത് മാറ്റി സ്ഥാപിക്കണം എന്നാണ് ജനകീയ സമിതിയുടെ ആവശ്യം. പ്രതിഷേധ മാർച്ചും ധർണയും പരിസ്ഥിതി പ്രവർത്തകൻ പി.വി.സുധീർകുമാർ ഉദ്ഘാടനം ചെയ്യും. ശുചിമുറി മാലിന്യ പ്ലാന്റ് മടിക്കുന്നിൽ സ്ഥാപിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ദലിത് കോൺഗ്രസ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസം നടന്നിരുന്നു.