ADVERTISEMENT

കാസർകോട് ∙ ടൂറിസം കേന്ദ്രമായ ബേക്കലിൽ ഇനി സർക്കാർ മുതൽ മുടക്കിന്റെ അധികം ആവശ്യമില്ലെന്നാണ് തന്റെ വിശ്വാസമെന്നും വേണ്ടത് ധാരാളം സ്വകാര്യ സംരംഭങ്ങൾ കടന്നുവരാനുള്ള സർക്കാരിന്റെ പ്രോത്സാഹനമാണെന്നും ചീഫ് സെക്രട്ടറി വി.വേണു പറഞ്ഞു. ഇതിനായി ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷനും(ബിആർഡിസി) കാസർകോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും(ഡിടിപിസി) പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും ‘മലയാള മനോരമ’യോട് അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് മുൻ സെക്രട്ടറിയും ബിആർഡിസി എംഡിയുമായിരുന്ന അദ്ദേഹം ലോക ടൂറിസം ദിനത്തിൽ കാസർകോട് ജില്ലയുടെ ടൂറിസം സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നു.

ബേക്കൽ; ലോകം അറിയുന്ന ഡെസ്റ്റിനേഷൻ

ജില്ലയിലെ ടൂറിസം വികസനത്തിന് ഒരു ദിശാബോധം നൽകാൻ ബിആർഡിസിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും കഴിഞ്ഞ 25 വർഷത്തിൽ ഉദ്ദേശ ലക്ഷ്യങ്ങൾ പൂർണമായും കൈവരിച്ചു എന്ന് പറയാനാവില്ല. 7 പ്രധാന റിസോർട്ടുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടതിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായത്. എന്നാൽ കാസർകോട് ജില്ലയ്ക്കും ബേക്കലിനും നല്ല വിസിബിലിറ്റി നൽകാൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സാധിച്ചു. ബേക്കൽ കോട്ടയും പരിസരവും ഇന്ന് ലോകം തിരിച്ചറിയുന്ന ഡെസ്റ്റിനേഷൻ ആയി മാറിയതിൽ ബിആർഡിസിയുടെ പങ്ക് വലുതാണ്.

ഭൂമി തിരിച്ചു പിടിക്കാൻ നടപടി 

ബേക്കലിൽ ബിആർഡിസി പാട്ടത്തിനു നൽകിയ ഭൂമിയിൽ പണി പൂർത്തിയാകാത്തതോ/ നിക്ഷേപകരെ കണ്ടെത്താൻ സാധിക്കാത്തതോ ആയ റിസോർട്ടുകൾ ഇനിയും ഉണ്ട്. ബിആർഡിസിയിൽ നിന്ന് സ്ഥലം ഏറ്റുവാങ്ങിയ ശേഷം ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പണി ആരംഭിക്കുകയും പിന്നീട് ഇത് പൂർത്തിയാക്കാതിരിക്കുകയും ചെയ്ത സംരംഭകരാണ് ഈ പ്രശ്നത്തിന്റെ പ്രധാന ഉത്തരവാദികൾ.

അവരുടെ കയ്യിൽ നിന്ന് ഭൂമി തിരിച്ചു വാങ്ങുവാനും അവർ നൽകാനുള്ള കുടിശ്ശിക ഈടാക്കുവാനും വേണ്ട നടപടി സർക്കാർ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന 5ൽ 4 റിസോർട്ടുകൾ എങ്കിലും ഉടൻതന്നെ പണി ആരംഭിച്ച് പൂർത്തിയാകും എന്നാണ് വിശ്വാസം. ഒരെണ്ണം ഏതാനും മാസങ്ങൾക്കകം തന്നെ തുറക്കാൻ സാധിക്കും.

ബേക്കലിൽ സ്വകാര്യ സംരഭങ്ങൾക്ക് വേണംസർക്കാർ സഹായം 

ബേക്കൽ പ്രദേശത്ത് ഇനി സർക്കാർ മുതൽ മുടക്കിന്റെ ആവശ്യമില്ല എന്നാണ് എന്റെ വിശ്വാസം. വേണ്ടത് സ്വകാര്യ സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്നതാണ്. പ്രത്യേകിച്ചും ഇവിടെ ചെറുകിട സംരംഭങ്ങൾക്ക് ധാരാളം അവസരങ്ങൾ ഉണ്ട് എന്നാണ് എന്റെ വിശ്വാസം. ഇതിനുവേണ്ടി ബിആർഡിസിയും ഡിടിപിസിയും പ്രവർത്തിക്കണം. 

പെരിയ എയർസ്ട്രിപ്

പെരിയയിൽ ഒരു എയർസ്ട്രിപ് പ്രവർത്തനം ബേക്കൽ ടൂറിസത്തിന് വലിയ മുതൽക്കൂട്ടാവും. ഇതിനുള്ള പദ്ധതി സർക്കാർ പരിഗണനയിൽ തന്നെയുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില അടിസ്ഥാനപ്പെടുത്തി വേണം എയർസ്ട്രിപ് നിർമാണ സാധ്യത വിലയിരുത്താൻ. അതിനാൽ എയർസ്ട്രിപ് സ്വപ്നം എപ്പോൾ യാഥാർഥ്യമാകും എന്ന് ഇപ്പോൾ പറയാൻ പ്രയാസമാണ്.

ബജറ്റ് ഹോട്ടൽ ‌പരിഗണനയിൽ

പള്ളിക്കര ബീച്ചിൽ പ്രവർത്തിച്ചിരുന്ന കെടിഡിസി(കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ)യുടെ ബീച്ച് ക്യാംപ് പ്രവർത്തനം നിർത്തി നാളേറെയായി. കെടിഡിസിയുടെ വിജയിക്കാതെ പോയ സംരംഭമാണിത്. കേരളത്തിലെ ഏക പ്രത്യേക ടൂറിസം മേഖലയായ ബേക്കലിൽ ഒരു ബജറ്റ് ഹോട്ടൽ ആരംഭിക്കാനുള്ള പദ്ധതി കെടിഡിസി ആസൂത്രണം ചെയ്യുന്നുണ്ട്

ബാഗമണ്ഡലം– പാണത്തൂർ റോഡ്; കർണാടകയുടെ ശ്രദ്ധ ക്ഷണിക്കും

മടിക്കേരി ഹിൽ സ്റ്റേഷനിൽ നിന്ന് തൊട്ടടുത്തുള്ള ബീച്ച് ഡെസ്റ്റിനേഷനായ ബേക്കലിലേക്കും ബാക്ക് വാട്ടർ ഡെസ്റ്റിനേഷനായ നീലേശ്വരത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ബാഗമണ്ഡലം–പാണത്തൂർ റോഡ് തകർന്നിരിക്കുകയാണ്. ഈ റോഡ് പുനർ നിർമിക്കാൻ ചീഫ് സെക്രട്ടറി എന്ന നിലയിൽ വിഷയം കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ നടപടി സ്വീകരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com