ADVERTISEMENT

കാസർകോട് ∙ തൃക്കരിപ്പൂർ ഒളവറ മാവിലങ്ങാട് കോളനിയിൽ സി.രജനി (34) കൊല്ലപ്പെട്ട കേസിൽ പ്രതികൾ കുറ്റക്കാരെന്നു കോടതി. നീലേശ്വരം കണിച്ചിറ പൈനിവീട് പി.സതീശൻ (48), വടകര ചോളംവയൽ ഗ്രേസ് ഭവൻ ബനഡിക്ട് ജോൺ എന്ന ബെന്നി (59) എന്നിവരാണു പ്രതികൾ. അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജ് ഇന്നു ശിക്ഷ വിധിക്കും. 

സംഭവം 2014ൽ

2014 സെപ്റ്റംബർ 9 മുതൽ മകൾ രജനിയെ കാണാനില്ലെന്നു പിതാവ് കണ്ണൻ ചന്തേര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് രജനി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. അന്നു നീലേശ്വരം ഇൻസ്പെക്ടറായിരുന്ന യു.പ്രേമൻ രജനിയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണം വഴിത്തിരിവായി. 

രജനിയോടൊപ്പം ചെറുവത്തൂർ ബസ് സ്റ്റാൻഡിനു സമീപം ഹോം നഴ്സിങ് സ്ഥാപനം നടത്തുകയും രാത്രി അവിടെ താമസിക്കുകയും ചെയ്തിരുന്ന സതീശനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും സതീശനെ വിവാഹം കഴിക്കണമെന്ന രജനിയുടെ ആവശ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും തെളിഞ്ഞു. 

നീലേശ്വരത്ത് മൃതദേഹം കുഴിച്ചുമൂടി

2014 സെപ്റ്റംബർ 11ന് ഇരുവരും ഹോംനഴ്സിങ് സ്ഥാപനത്തിൽ വാക്കുതർക്കമുണ്ടായി. 12ന് പുലർച്ചെ 3നു രജനി സതീശന്റെ മർദനമേറ്റ് അബോധാവസ്ഥയിൽ താഴെ വീണു. തുടർന്നു രജനിയെ ശ്വാസം മുട്ടിച്ചു കൊന്നെന്നാണു കേസ്. അവിടെ മുറിയിൽ തന്നെ മൃതദേഹം സൂക്ഷിച്ചു. പിന്നീട് ഇരുവരുടെയും സുഹൃത്തായ ബെന്നിയെ വിളിച്ചുവരുത്തി. 14നു പുലർച്ചെ സതീശനും ബെന്നിയും ചേർന്ന്, നീലേശ്വരം കണിച്ചിറയിൽ സതീശൻ നേരത്തെ താമസിച്ചിരുന്ന വീടിനു സമീപത്തെ കാട്ടിലെത്തിച്ചു. സതീശൻ സുഹൃത്തുക്കളിൽ നിന്നു മൺവെട്ടി വാങ്ങി അന്നു രാത്രി, മൃതദേഹം അവിടെ കുഴിച്ചുമൂടി.

വിസ്തരിച്ചത് 47 സാക്ഷികളെ

സതീശന്റെ കുറ്റസമ്മതമൊഴി പ്രകാരം, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തു. പരിയാരം മെഡിക്കൽ കോളജ് പൊലീസ് സർജൻ ഡോ.ഗോപാലകൃഷ്ണ പിള്ളയാണു പോസ്റ്റ്മോർട്ടം നടത്തിയത്. 2014 ഡിസംബർ 23നാണു നാനൂറോളം പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 47 സാക്ഷികളെ വിസ്തരിച്ചു. 92 രേഖകൾ തെളിവുകളായി നൽകി.

അന്നു ജില്ലാ പൊലീസ് മേധാവിയായിരുന്ന തോംസൺ ജോസിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. യു.പ്രേമനെ കൂടാതെ, ചന്തേര എസ്ഐ ആയിരുന്ന പി.ആർ.മനോജ്, മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദിവാകരൻ, കുമാരൻ, ദിനേശ് രാജ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പ്രോസിക്യൂട്ടർ ഇ.ലോഹിതാക്ഷൻ, മുൻ പ്രോസിക്യൂട്ടർ പി.രാഘവൻ എന്നിവർ ഹാജരായി. 

മകളുടെ ഓർമകളിൽ വിങ്ങി ജാനകി

തൃക്കരിപ്പൂർ ∙ ‘എന്റെ മോളെ കൊന്നവനു തക്കശിക്ഷ വാങ്ങിച്ചു കൊടുക്കാൻ നിയമത്തിനു കഴിയണം. എന്റെ കുട്ടിയെ കൊന്നു കുഴിച്ചു മൂടിയവർ അതിനുള്ള ശിക്ഷ അനുഭവിക്കാതെ പോകരുത്’. സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ ഒളവറ ഉളിയം മാവിലങ്ങാട് കോളനിയിലെ വീട്ടിലിരുന്ന് സി.ജാനകി(75) പറയുന്ന വാക്കുകൾക്ക് ഇപ്പോഴും നല്ല കാഠിന്യം.

9 വർഷം മുൻപു കൊല ചെയ്യപ്പെട്ട മകൾ രജനിയുടെ ഓർമകളിൽ വിങ്ങുകയാണ് ഈ അമ്മ. ‘എന്നെ പൊന്നു പോലെ നോക്കുമായിരുന്നു അവൾ, ജീവിക്കാനും ജീവിതം കണ്ടെത്താനുമുള്ള ഓട്ടമായിരുന്നു’. കൊല്ലപ്പെടുമ്പോൾ 34 വയസ്സായിരുന്നു രജനിക്ക്. ഇന്നു കോടതി ശിക്ഷ വിധിക്കാനിരിക്കുമ്പോൾ തക്കശിക്ഷ തന്നെ കൊടുക്കണേയെന്ന് ജാനകി പ്രാർഥിക്കുന്നു. അതേസമയം, രജനിയുടെ പിതാവ് കണ്ണൻ അതു കേൾക്കാനും കാണാനുമില്ല.  രജനി മരിച്ചതിന്റെ 41–ാം ദിനത്തിൽ പിതാവും മരണപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com