ADVERTISEMENT

തൃക്കരിപ്പൂർ ∙ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന്റെ അവികസിതാവസ്ഥ പരിഹരിക്കുന്നതിനും ദീർഘദൂര ട്രെയിനുകളുടെ സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിനും കഴിയാവുന്ന ശ്രമങ്ങൾ നടത്തുമെന്നു റെയിൽവേ പാസഞ്ചേഴ്സ് അമ്നിറ്റി ബോർഡ് ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിച്ചു. സ്റ്റേഷൻ വികസനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ഇവിടെയെത്തിയ കൃഷ്ണദാസ് നാട്ടുകാർ നൽകിയ സ്വീകരണത്തിൽ  പ്രസംഗിക്കുകയായിരുന്നു. ഈ സ്റ്റേഷൻ നേരിടുന്ന പ്രശ്നങ്ങൾ ഡിആർഎം, എഡിആർഎം എന്നിവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. തൃക്കരിപ്പൂരിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി ഒരു ദിവസം അനുവദിച്ചു തരണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സി ക്ലാസിലേക്കു മാറ്റിയതിനെ തുടർന്നു വികസനം വഴിമുട്ടിയ സാഹചര്യം പരിഹരിക്കുന്നതിനു ഒരാഴ്ചയ്ക്കകം ഡിവിഷൻ തലത്തിൽ ചർച്ച നടത്തും. 4, 5 തീയതികളിൽ ഡൽഹിയിൽ നടത്തുന്ന യോഗത്തിലും ഇവിടത്തെ വിഷയങ്ങൾ അവതരിപ്പിക്കും.

സ്റ്റേഷനിലെ മേൽക്കൂരയുടെ അഭാവവും വടക്കു ഭാഗത്തുള്ള മിനി അടിപ്പാത ഗതാഗതത്തിനു ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ചും അനുവദിച്ച റെയിൽവേ മേൽപാലങ്ങളുടെ നിർമാണം നടത്തുന്നതും എത്രയും വേഗത്തിൽ അധികൃതരുമായി ചർച്ച നടത്തി അനുകൂല നടപടിക്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.മനു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി, ബിജെപി മണ്ഡലം പ്രസിഡന്റ് ടി.വി.ഷിബിൻ, റെയിൽവേ ആക്​ഷൻ ഫോറം കൺവീനർ പി.മഷൂദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി എ.ജി.നൂറുൽ അമീൻ തുടങ്ങിയവർ പ്രസംഗിച്ചു. 

തൃക്കരിപ്പൂർ പഞ്ചായത്ത് ഭരണസമിതി, പിലിക്കോട് പഞ്ചായത്ത് അംഗം രവീന്ദ്രൻ മാണിയാട്ട്, വലിയപറമ്പ് പഞ്ചായത്ത് അംഗം സി.ദേവരാജൻ, റോട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, റെയിൽവേ ആക്‌ഷൻ ഫോറം, പാസഞ്ചേഴ്സ് അസോസിയേഷൻ, കെഎംകെ കലാസമിതി തുടങ്ങി വിവിധ സംഘടനകൾ നിവേദനം കൈമാറി. തൃക്കരിപ്പൂർ രാമവില്യം കഴകം, ചക്രപാണി മഹാക്ഷേത്രം, ഒളവറ സങ്കേത ജിയുപി സ്കൂൾ തുടങ്ങിയ കേന്ദ്രങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com