ADVERTISEMENT

മാടായിപ്പാറ∙ ഇത്തിരിപ്പോന്നൊരു പക്ഷിയെ കാണാൻ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നുമൊക്കെ കൂട്ടമായി ആളുകൾ വിമാനം കയറി കണ്ണൂരിലെത്തുന്നു– കേൾക്കുമ്പോൾ ആദ്യമൊന്നു നെറ്റി ചുളിക്കുമെങ്കിലും സംഗതി സത്യമാണ്. കഴിഞ്ഞ രണ്ടാഴ്ചയോളമായി മാടായിപ്പാറയിൽ ഒരു വിഐപി അതിഥിയുണ്ട്. ആർട്ടിക് മേഖലയിൽ നിന്ന് പറന്നെത്തിയ ഉണ്ടക്കണ്ണൻ മണലൂതി (ബഫ് ബ്രസ്റ്റഡ് സാൻഡ് പൈപ്പർ) എന്ന പക്ഷിയാണിപ്പോൾ ഇവിടെ താരം. ദേശാടനപ്പക്ഷികളെത്തുന്നത് സാധാരണമാണെങ്കിലും വടക്കേ അമേരിക്കൻ സ്വദേശിയായ ഈ പക്ഷിയെ ദക്ഷിണേഷ്യയിൽ തന്നെ അത്യപൂർവമായേ കാണാറുള്ളു. അതിനാൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പക്ഷി നിരീക്ഷകരുടെ പ്രവാഹമാണ് കഴിഞ്ഞ 10 ദിവസത്തിലേറെയായി മാടായിപ്പാറയിലേക്ക്. 

മാടായിപ്പാറയിലെത്തിയ ദേശാടനപ്പക്ഷിയെ നിരീക്ഷിക്കുന്നവർ.
മാടായിപ്പാറയിലെത്തിയ ദേശാടനപ്പക്ഷിയെ നിരീക്ഷിക്കുന്നവർ.

പക്ഷികളെ നിരീക്ഷിച്ച് വിവരങ്ങൾ രേഖപ്പെടുത്തുന്ന ‘ഇ–ബേഡ്’ പ്ലാറ്റ്ഫോമിലെ വിവരങ്ങൾ പ്രകാരം ഈ പക്ഷിയെ ദക്ഷിണേഷ്യയിൽ കണ്ടതായി രേഖപ്പെടുത്തുന്നത് ഇത് മൂന്നാമത്തെ തവണ മാത്രമാണ്– മൂന്നുതവണയും ഇന്ത്യയിൽ. അതിൽ രണ്ടു തവണയും മാടായിപ്പാറയിലാണ് ഇതിനെ കണ്ടെത്തിയത്. ഒരിക്കലെത്തി കാണാൻ സാധിക്കാതെ മടങ്ങിയിട്ട് വീണ്ടും വിമാനത്തിൽ തന്നെ ഈ പക്ഷിയെ കാണാൻ എത്തിയവരുണ്ട്. 

കണ്ണൂർ സ്വദേശിയായ ഡോ.ജയൻ തോമസാണ് ഇത്തവണ മാടായിപ്പാറയിലെത്തിയ ഉണ്ടക്കണ്ണൻ മണലൂതിയെ കണ്ടെത്തിയത്. കൗതുകമായ കാര്യം 13 വർഷം മുൻപ് ഇദ്ദേഹം തന്നെയായിരുന്നു ഇന്ത്യയിലാദ്യമായി ഈ പക്ഷിയെ മാടായിപ്പാറയിൽ നിന്നു കണ്ടെത്തിയത്. 2010 ഒക്ടോബർ 13നായിരുന്നു അത്. സാധാരണ വടക്കേ അമേരിക്കൻ മേഖലയിൽ നിന്ന് യൂറോപ്പിലേക്കും തെക്കേ അമേരിക്കയിലേക്കുമാണ് ബഫ് ബ്രസ്റ്റഡ് സാൻഡ് പൈപ്പർ ദേശാടനം നടത്തുന്നത്. ആ സ്ഥാനത്താണ് ആയിരക്കണക്കിനു മൈലുകൾ പിന്നിട്ട് പസഫിക് സമുദ്രവും യൂറോപ്പ്, ആഫ്രിക്കൻ ഭൂഖണ്ഡങ്ങളും അറബിക്കടലും കടന്ന് ഈ പക്ഷി മാടായിപ്പാറയിലെത്തിയിരിക്കുന്നത്.

2010ൽ തുടർച്ചയായി 4 ദിവസം പക്ഷി ഇവിടെ തുടർന്നിരുന്നു. 2010ൽ പക്ഷി നിരീക്ഷണത്തിൽ ശ്രദ്ധിക്കുന്ന കുറച്ചാളുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇന്നു സ്ഥിതി മാറി. ഗവേഷകരും വിദഗ്ധരും വിഷയത്തിൽ താൽപര്യമുള്ളവരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കണ്ണൂരിലെ മാടായിപ്പാറയിലെത്തിയത്. കണ്ണൂർ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയായപ്പോൾ ഈ പക്ഷിയുടെ ചിത്രം ചുവരിൽ വരച്ചിരുന്നു. സമുദ്ര തീരത്തിന്റെ സാമീപ്യവും വൈവിധ്യമാർന്ന ഭൂപ്രകൃതിയുമാണ് മാടായിപ്പാറയിലെ ചെങ്കൽ കുന്നുകളെ ദേശാടനപ്പക്ഷികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ചെങ്കൽകുന്നിലെ പുല്ലുകൾക്കിടയിലാണ് ഉണ്ടക്കണ്ണൻ മണലൂതി ഇര തേടുന്നത്. മിക്ക ദേശാടനപ്പക്ഷികളും തീരമേഖലയിൽ കാണുമെങ്കിലും ഇവ വരണ്ട, പുല്ലുകൾ വളരുന്ന സ്ഥലങ്ങളികും ഉണ്ടാകുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com